പുതിയ രണ്ടു ഒമൈക്രോണ്‍ വകഭേദങ്ങള്‍ രോഗപ്രതിരോധശേഷിയെ മറികടന്നേക്കാം: ലോകാരോഗ്യസംഘടന

ജനീവ: ലോകത്ത് ഇപ്പോൾ ഏറ്റവുമധികം പടരുന്ന ഒമൈക്രോൺ വകഭേദത്തിന്റെ ഉപവിഭാഗങ്ങളെ നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യസംഘടന. ഉപവകഭേദങ്ങളിൽ രണ്ടെണ്ണത്തിന് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. രോഗപ്രതിരോധശേഷിയെ മറികടക്കാൻ ഇതിന് സാധിച്ചേക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.

ബിഎ.1, ബിഎ.2, ബിഎ.3, ബിഎ.4, ബിഎ.5 അടക്കമുള്ള ഒമൈക്രോണിന്റെ ഉപവകഭേദങ്ങളെയാണ് ലോകാരോഗ്യസംഘടന മുഖ്യമായി നിരീക്ഷിച്ച് വരുന്നത്. ഇതിൽ ബിഎ.1, ബിഎ.2 ഉപവകഭേദങ്ങൾ സംയോജിച്ച് എക്‌സ്ഇ വൈറസ് രൂപപ്പെട്ടിട്ടുണ്ട്. ബിഎ.4, ബിഎ.5 ഉപവകഭേദങ്ങൾ കുറച്ചുരാജ്യങ്ങളിൽ മാത്രമാണ് പടരുന്നത്. എന്നാൽ ഈ വകഭേദങ്ങൾക്ക് വീണ്ടും രൂപാന്തരം സംഭവിച്ചിട്ടുണ്ട്. വൈറസിന് പുറത്തുള്ള സ്‌പൈകിലാണ് ജനിതകവ്യതിയാനം സംഭവിച്ചത്. സ്‌പൈകിന് വെളിയിലും ജനിതക വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്. ഇത് സമാനതകളില്ലാത്ത സംഭവമാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.

എസ്:എൽ452ആർ, എസ്: എഫ്486വി എന്ന ഉപവകഭേദങ്ങൾ രോഗപ്രതിരോധശേഷിയെ മറികടക്കുമോ എന്ന് ലോകാരോഗ്യസംഘടന ആശങ്കപ്പെടുന്നു. ഈ ഉപവകഭേദങ്ങളെ ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇവയുടെ സ്വഭാവം, ഇവ എങ്ങനെയാണ് മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ പ്രതികരിക്കാൻ പോകുന്നത് അടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. അതിനാൽ രാജ്യങ്ങൾ നിരീക്ഷണം തുടരണമെന്നും വിവരങ്ങൾ യഥാസമയം കൈമാറണമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.

കൊറോണ വൈറസിന് രൂപാന്തരം സംഭവിക്കുന്നത് തുടരും. ലോകമൊട്ടാകെ കൂടുതൽ വ്യാപനശേഷിയോടെ ഇത് പടർന്നെന്നും വരാം. കൂടാതെ ഉപവകഭേദങ്ങൾ സംയോജിച്ച് കൊണ്ടുള്ള പുതിയ ഉപവിഭാഗങ്ങൾ അടക്കം പുതിയ വൈറസുകൾ വീണ്ടും കണ്ടെത്തിയെന്നും വരാമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു.

Top