സംസ്ഥാനത്ത് തുടര്‍ച്ചയായ ശക്തമായ മഴയ്ക്ക് ശമനം; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ ശക്തമായ മഴയ്ക്ക് ശമനം. നിലവില്‍ ഒറ്റപ്പെട്ടതും ശക്തവുമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പ് തുടരുന്നതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട്.

അതേസമയം തെക്കന്‍ കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ കനത്ത മഴയാണ് തിരുവനന്തപുരത്ത് രേഖപ്പെടുത്തിയത്. തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്റ്റേഷനില്‍ 112.4 മി.മീ മഴയും സിറ്റി സ്റ്റേഷനില്‍ 69.9 മി.മി മഴയും രേഖപെടുത്തി. ജലനിരപ്പ് ഉയര്‍ന്ന നെയ്യാറിലും കരമന നദിയിലും കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ് തുടരുന്നുണ്ട്. തിരുവനന്തപുരത്ത് രാവിലെ മുതല്‍ മഴക്ക് നേരിയ ശമനമുണ്ട്. വൈകിട്ടോടെ പലയിടത്തും മഴക്ക് സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരത്ത് മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയില്‍ ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ച സാഹചര്യവും കൂടി കണക്കിലെടുത്താണ് നടപടി. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Top