ഉള്ളടക്കം മെച്ചപ്പെടുത്തും; നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ച് നെറ്റ്ഫ്ളിക്സ്

ബ്സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് ഓണ്‍ലൈന്‍ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ളിക്സ്. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് ബുധനാഴ്ച മുതല്‍ നിരക്ക് വര്‍ധിപ്പിച്ചത്. യുഎസില്‍ നെറ്റ്ഫ്ളിക്സിന്റെ ബേസിക് പ്ലാന്‍ 9.99 ഡോളറില്‍ നിന്ന് 11.99 ഡോളറായി ഉയര്‍ത്തി. പ്രീമിയം പ്ലാന്‍ 19.99 ല്‍ നിന്ന് 22.99 ഡോളറായി ഉയര്‍ന്നു. നെറ്റ്ഫ്ളിക്സിന്റെ പരസ്യങ്ങളോടുകൂടിയ 6.99 ഡോളറിന്റെ പ്ലാന്‍ 15.49 ഡോളറായും വര്‍ധിച്ചു. സ്റ്റാന്റേര്‍ഡ് പ്ലാനും 15.49 ഡോളര്‍ തന്നെയായി തുടരും. യുകെയില്‍ ബേസിക് പ്ലാനുകള്‍ 7.99 പൗണ്ടായും 10.99 യൂറോ ആയും ഉയര്‍ന്നു. സ്റ്റാന്റേഡ് പ്ലാനുകള്‍ 17.99 പൗണ്ടായും, 19.99 യൂറോ ആയും വര്‍ധിച്ചു.

മെച്ചപ്പെട്ട ഉള്ളടക്കം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് വേണ്ടിയാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് നെറ്റ്ഫ്ളിക്സ് അവകാശപ്പെടുന്നു. കണ്ടന്റ് ലൈബ്രറി മെച്ചപ്പെടുത്താനും, മികച്ച ക്രിയേറ്റര്‍മാരുമായി പങ്കാളിത്തമുണ്ടാക്കാനും, ടിവി പരിപാടികള്‍ക്കും, സിനിമകള്‍ക്കും, ഗെയിമുകള്‍ക്കും വേണ്ടി നിക്ഷേപം നടത്താനുമെല്ലാം സാധിക്കുമെന്നും നെറ്റ്ഫ്ളിക്സ് വ്യക്തമാക്കുന്നു. വരുമാനം വര്‍ധിപ്പിക്കുന്നതിനായി ചില രാജ്യങ്ങളില്‍ പെയ്ഡ് അക്കൗണ്ട് ഷെയറിങ് സൗകര്യം നെറ്റ്ഫ്ളിക്സ് അവതരിപ്പിച്ചിരുന്നു. കൂടുതല്‍ ഉപഭോക്താക്കളെ നെറ്റ്ഫ്ളിക്സില്‍ എത്തിക്കുന്നതിനായി പാസ് വേഡ് പങ്കുവെക്കുന്നത് നിയന്ത്രിക്കാനുള്ള നടപടികളും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നെറ്റ്ഫ്ളിക്സ് സ്വീകരിച്ചു.

ഞങ്ങളുടെ പ്രാരംഭ നിരക്ക് മറ്റ് സ്ട്രീമര്‍മാരെ വെല്ലുവിളിക്കും വിധമുള്ളതാണ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുന്നതിനായി ഞങ്ങള്‍ പലപ്പോഴും അവരോട് കൂടുതല്‍ പണം മുടക്കാന്‍ ആവശ്യപ്പെടാറുണ്ട്. യുഎസില്‍ 6.99 ഡോളര്‍ പ്രതിമാസ നിരക്ക് എന്നുള്ളത് ഒരു ശരാശരി സിനിമാ ടിക്കറ്റിനേക്കാള്‍ വളരെ കുറവാണ്. നെറ്റ്ഫ്ളിക്സ് പറയുന്നു.

മുമ്പ് മറ്റുള്ളവരുടെ പാസ് വേഡ് നല്‍കി നെറ്റ്ഫ്ളിക്സ് ഉപയോഗിച്ചിരുന്നവര്‍ നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷനെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങി. പാസ് വേഡ് പങ്കുവെക്കല്‍ നിയന്ത്രിച്ചതിന് ശേഷം പ്രതീക്ഷിച്ചതിനേക്കാല്‍ കുറവ് ഉപഭോക്താക്കള്‍ മാത്രമേ അക്കൗണ്ട് പിന്‍വലിച്ചിട്ടുള്ളൂ എന്ന് കമ്പനി പറയുന്നു. ഇത് നെറ്റ്ഫ്ലിക്സിന് നേട്ടമായിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കാനാകുന്നതോടെ ഉള്ളടക്കത്തിന് വേണ്ടി കൂടുതല്‍ നിക്ഷേപം നടത്താനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Top