ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയം നിര്‍ത്തലാക്കാനൊരുങ്ങി ഉത്തര കൊറിയ

പ്യോങ്യാങ്: ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും നിര്‍ത്തലാക്കാനൊരുങ്ങി ഉത്തര കൊറിയ. ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകള്‍ അതിര്‍ത്തിയില്‍ പ്യോങ്യാങ് വിരുദ്ധ ലഘുലേഖകള്‍ അയയ്ക്കുന്നത് സംബന്ധിച്ച് ഇരുകൊറിയകളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടയിലാണ് തീരുമാനമെന്ന് ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 9ന് ഉച്ചക്ക് 12 മുതല്‍ ഉത്തര – ദക്ഷിണ കൊറിയന്‍ അധികൃതര്‍ തമ്മിലുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും പ്യോങ്യാങ് പൂര്‍ണമായും നിര്‍ത്തിവെയ്ക്കുമെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മിലുള്ള ആശയവിനിമയം, ട്രയല്‍ കമ്മ്യൂണിക്കേഷന്‍ ലൈന്‍, വര്‍ക്കേഴ്‌സ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മറ്റിയും സൗത്ത് കൊറിയന്‍ പ്രസിഡന്റിന്റെ ബ്ലൂ ഹൗസും തമ്മിലുള്ള ഹോട്ട് ലൈന്‍ സംവിധാനവും നിര്‍ത്തലാക്കിയതില്‍ ഉള്‍പ്പെടുന്നു.

അതേസമയം, നേരത്തെ, ദക്ഷിണ കൊറിയയുമായുള്ള ലെയ്‌സണ്‍ ഓഫീസ് അടയ്ക്കുമെന്നും അവരെ ദുരിതത്തിലാക്കാനുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. മാത്രമല്ല ലഘുലേഖകള്‍ അയയ്ക്കുന്നത് തടഞ്ഞില്ലെങ്കില്‍ ദക്ഷിണ കൊറിയയുമായി ഒപ്പുവെച്ച സൈനിക കരാര്‍ റദ്ദാക്കുമെന്നും കിമ്മിന്റെ സഹോദരി കിം യോ ജോങും പറഞ്ഞിരുന്നു.

Top