കോവിഡ് പ്രതിരോധ സഹായം; ജേഴ്‌സി ലേലത്തിനുവെച്ച് സഹല്‍ അബ്ദുള്‍ സമദ്

കണ്ണൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി കായികമേഖലയിലെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ രാജ്യത്തിനായി അണിഞ്ഞ ജേഴ്‌സി ലേലത്തിനുവെച്ച് സഹായവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഐ.എസ്.എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീല്‍ഡറുമായ സഹല്‍ അബ്ദുള്‍ സമദ്. ഇതിലൂടെ ലഭിക്കുന്ന തുക താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്കായി അണിഞ്ഞ ജേഴ്‌സിയാണ് താരം ലേലത്തിന് വെച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ലേലം. ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി ജൂണ്‍ 22 വരെയാണ് ലേലം. കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ലേലത്തില്‍ നിലവിലെ തുക രണ്ടു ലക്ഷം പിന്നിട്ടിട്ടുണ്ട്.

2019-ല്‍ എ.ഐ.എഫ്.എഫ് എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരത്തിന് അര്‍ഹനായ സഹല്‍ പയ്യന്നൂര്‍ കവ്വായി സ്വദേശിയാണ്. ഇന്ത്യന്‍ ഫുഡ് ബോളിന്റെ ഭാവി വാഗ്ദാനമെന്ന് ക്യാപ്റ്റന്‍ സുനില്‍ ചേത്രി പോലും വിശേഷിപ്പിച്ച യുവതാരമാണ് സഹല്‍.

നേരത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് കണ്ടെത്താന്‍ തന്റെ ജേഴ്‌സി ലേലത്തിനു വെച്ചിരുന്നു. ലേലത്തിലൂടെ ലഭിച്ച 1,55,555 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു.

Top