മോദി കള്ളനാണെന്ന് പറഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതി; രാഹുല്‍ഗാന്ധിയ്ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ഗാന്ധിയ്ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. റഫാല്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി നടത്തിയ വിവാദ പരാമര്‍ശത്തില്‍ തിങ്കളാഴ്ചയ്ക്കു മുന്‍പ് വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

മോദി കള്ളനാണെന്ന് (ചൗക്കിദാര്‍ ചോര്‍ ഹെ) കോടതി പറഞ്ഞു എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. കോടതി ഇത്തരം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ചീഫ്ജസ്റ്റിസ് വ്യക്തമാക്കി. ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇനി 22-ാം തീയതി വീണ്ടും പരിഗണിക്കും.

റഫാലില്‍ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രഹസ്യ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധി വന്നതിന് തൊട്ടു പിന്നാലെയായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം.

‘രാജ്യത്തിന്റെ പ്രധാനമന്ത്രി വ്യോമസേനയുടെ പണം അനില്‍ അംബാനിക്കു നല്‍കിയെന്ന് താന്‍ ഏതാനും മാസങ്ങളായി പറയുന്നു. ഇപ്പോള്‍ അക്കാര്യം സുപ്രീം കോടതി ശരിവച്ചതില്‍ സന്തോഷമുണ്ട്. ഇടപാട് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചിരിക്കുന്നു. രാജ്യത്തിന് ഇത് സന്തോഷത്തിന്റെ ദിനമാണ്. രാജ്യത്തിന്റെ ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നു’ എന്നാണ് രാഹുല്‍ പറഞ്ഞത്.

Top