ശ്രീലേഖക്കെതിരായ കോടതിയലക്ഷ്യ നടപടി; ‘വെട്ടിലാകാൻ’ പോകുന്നത് എസ്.പി ഹരിശങ്കർ !

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അനുകൂലിച്ച് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖയ്‌ക്കെതിരേ കോടതിയലക്ഷ്യനടപടിക്ക് അനുമതിതേടി അഡ്വക്കേറ്റ് ജനറലിന് മുന്നില്‍ വന്ന അപേക്ഷ, എസ്.പി ഹരിശങ്കറിന് കുരുക്കാകും. ശ്രീലേഖക്കെതിരായ അനുമതി പരിഗണിക്കും മുന്‍പ് തന്നെ, നിലവില്‍ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി കൂടിയായ ഹരിശങ്കറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടി വരും.

ശ്രീലേഖ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം നടത്തിയ പ്രതികരണമായതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പരിമിതിയുണ്ട്. എന്നാല്‍, സര്‍വ്വീസിലിരിക്കെ ഹരിശങ്കര്‍ നടത്തിയ പ്രതികരണമാകട്ടെ ഏറെ ഗുരുതരവുമാണ്. നിയമ കേന്ദ്രങ്ങളും ഇതു തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.വിചാരണ കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ച അതിജീവതയെ ഹൈക്കോടതി വിമര്‍ശിച്ച സാഹചര്യത്തില്‍ ഈ വാദത്തിന് പ്രസക്തി ഏറെയാണ്.

അതേസമയം എസ് പി ഹരിശങ്കറിനെതിരെ ഗുരുതര കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കുടിയായിരുന്ന എസ്.പി എസ്. ഹരിശങ്കര്‍ രംഗത്തു വന്നിരുന്നത്. പ്രതിഭാഗത്തിന്റെ തെളിവുകള്‍ ദുര്‍ബലമായിരുന്നുവെന്നും, എന്നിട്ടും ഇത്തരത്തിലുള്ള വിധി നിര്‍ഭാഗ്യകരമാണെന്നുമാണ് അദ്ദേഹം തുറന്നടിച്ചിരുന്നത്.

കേസില്‍ അപ്പീലിന് പോകണമെന്നും, ഇന്ത്യന്‍ നിയമചരിത്രത്തിലെ തന്നെ അത്ഭുതകരമായ വിധിയാണിതെന്നും ഹരിശങ്കര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കുകയുണ്ടായി. സത്യസന്ധമായി മൊഴി നല്‍കിയവര്‍ക്കുള്ള തിരിച്ചടിയാണ് ഈ വിധിയെന്നും, ഇരയുടെ മൊഴി ഉണ്ടായിട്ടും വിധി എതിരായത് നിര്‍ഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടിയ എസ് പി, നൂറുശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്ന കേസാണിതെന്നും തുറന്നു പറഞ്ഞു. ഒരേസമയം അഭിഭാഷകരെയും പൊലീസ് ഉദ്യാഗസ്ഥരെയും അമ്പരപ്പിച്ച പ്രതികരണമായിരുന്നു ഇത്. സര്‍വീസിലുള്ള ഒരു ഐ.പി.എസ് ഓഫീസര്‍ ഇത്തരം ഒരു അഭിപ്രായ പ്രകടനം നടത്തിയത് ഗുരുതര തെറ്റാണെന്നും, അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും നീക്കണമെന്നുമാണ് മുതിര്‍ന്ന അഭിഭാഷകരും അഭിപ്രായപ്പെട്ടിരുന്നത്. തുടര്‍ന്നാണ് ഹരിശങ്കറിനെതിരെ തൃശൂര്‍ സ്വദേശി എം.ജെ.ആന്റണി പരാതിയുമായി രംഗത്തു വന്നിരുന്നത്. ഇതിന് ശേഷം കോടതിയലക്ഷ്യ നടപടി അപേക്ഷയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ഹരിശങ്കറിനോട് അഡ്വക്കറ്റ് ജനറല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, എസ്.പി നിയോഗിച്ച അഭിഭാഷകനാണ് ഹാജരായിരുന്നത്.

ശ്രീലേഖക്കെതിരായ കോടതിയലക്ഷ്യനടപടിക്ക് അനുമതിതേടി അഡ്വക്കേറ്റ് ജനറലിന് മുന്നില്‍ പുതിയ അപേക്ഷ വന്ന സാഹചര്യത്തില്‍, എസ്.പി ഹരിശങ്കറിന് എതിരെയുള്ള കോടതിയലക്ഷ്യനടപടിക്കും ഇനി വേഗത കൈവരും. ഇക്കാര്യത്തില്‍ ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പരാതിക്കാരന്റെ തീരുമാനം.

കോടതിക്കെതിരായ ഹരിശങ്കറിന്റെ പരാമര്‍ശം ഐ.ബിയും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാര്‍ട്ടലക്ഷ്യ നടപടിയില്‍ തീരുമാനം വന്നാല്‍, കേന്ദ്ര സര്‍ക്കാരും തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഒരു ഐ.പി.എസ് ഉദ്യാഗസ്ഥന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് ഹരിശങ്കര്‍ പറഞ്ഞതെന്നും, ഗൗരവമായി തന്നെ ഈ സംഭവത്തെ കാണുന്നു വെന്നുമാണ് ഡല്‍ഹിയില്‍ നിന്നുള്ള പ്രതികരണം. ഐ.പി.എസുകാരുടെ നിയമന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനാണ് അധികാരമെങ്കിലും, ഇത്തരം ഗുരുതര വിഷയങ്ങളില്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നതടക്കമുള്ള നടപടി സ്വീകരിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന്റെ ശുപാര്‍ശയില്‍, രാഷ്ട്രപതിക്കാണുള്ളത്.


EXPRESS KERALA VIEW

Top