വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസ്; സുപ്രീംകോടതി ഇന്ന് വിധി പറയും

ഡൽഹി: വിവാദ വ്യവസായി വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കോടതി ഉത്തരവ് ലംഘിച്ച് വിജയ് മല്യ 2017ൽ മകൾക്ക് 40 ദശലക്ഷം ഡോളർ കൈമാറിയെന്ന കേസിലാണ് വിധി പറയുന്നത്. മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന മല്യയുടെ അഭാവത്തിലാണ് കേസിൽ വിചാരണ പൂർത്തിയാക്കിയത്. ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറയുക.

ഇന്ത്യയിലെ മദ്യ വ്യാപാര രംഗത്തെ പ്രധാനികളിലൊരാളായിരുന്നു വിജയ് മല്യ. കഴിഞ്ഞ വർഷം വിജയ് മല്യയെ യുകെയിലെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ ഇഡിയും സിബിഐയും മല്യയ്ക്ക് പുറകെയാണിത്. വിജയ് മല്യയുടെ ഫ്രാൻസിലെ കോടികൾ വിലമതിക്കുന്ന ആസ്‍തികൾ ഇഡി കണ്ടുകെട്ടിയിരുന്നു. 14 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടെത്തിയത്. ഇഡിയുടെ അഭ്യർത്ഥന പ്രകാരം ഫ്രാൻസ് അധികൃതർ സ്വത്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു.

 

 

Top