പകര്‍ച്ചപ്പനി പടരുന്നു; സംസ്ഥാനത്ത് ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് കെജിഎംഒഎ

 

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടിയ സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ ബാഹുല്യം, ഡോക്ടര്‍മാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കെജിഎംഒഎ വ്യക്തമാക്കി.

ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടികള്‍ വേണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. മുന്‍കാലങ്ങളില്‍ പ്രതിസന്ധി മറികടക്കാന്‍ മണ്‍സൂണ്‍ കാലത്ത് അധിക ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ താല്‍ക്കാലികമായി നിയമിച്ചിരുന്നു.ഇതിനു സമാനമായി വര്‍ധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിനനുസൃതമായി ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മണ്‍സൂണ്‍ ആരംഭിച്ചതിനു ശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെയും പനി ബാധിതരുടെയും എണ്ണത്തില്‍ വളരെയധികം വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്. വിവിധങ്ങളായ പകര്‍ച്ചവ്യാധികള്‍ കാരണമായുള്ള മരണങ്ങളും കേരളത്തില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. തീവ്രമായതോ നീണ്ടുനില്‍ക്കുന്നതോ ആയ എല്ലാ പനിക്കും വൈദ്യസഹായം തേടണം.

രോഗനിര്‍ണയം, രോഗീപരിചരണം, വിവിധ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സാംക്രമിക രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാതെ നോക്കല്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍ കര്‍മനിരതരാണ്. എന്നിരുന്നാലും അനിയന്ത്രിതമായ രോഗി ബാഹുല്യവും ശുഷ്‌കമായ മാനവവിഭവ ശേഷിയും ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ പ്രതിസന്ധി മറികടക്കാന്‍ മണ്‍സൂണ്‍ കാലത്ത് അധിക ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ താല്‍ക്കാലികമായി നിയമിച്ചിരുന്ന.

പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങോളം കൂടിയ സാഹചര്യത്തില്‍ ആവശ്യമായ മരുന്നുകളുടെ ലഭ്യതയും ഉറപ്പു വരുത്തേണ്ടതുണ്ട്. കൂടാതെ പൊതു സ്ഥലം മാറ്റം, വിരമിക്കല്‍ എന്നിവയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഉണ്ടായിട്ടുള്ള ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ വേണ്ട നടപടികളും എത്രയും പെട്ടന്നു കൈക്കൊള്ളണമെന്ന് കെ ജി എം ഒ എ ആവശ്യപെടുന്നു.

 

Top