കോവിഡ്; തൂണേരി സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 86 പേര്‍

കോഴിക്കോട്: ഇന്നലെ കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയായ തൂണേരി സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 86 പേര്‍. തൂണേരി, പുറമേരി, കുന്നുമ്മല്‍, വളയം, എടച്ചേരി പഞ്ചായത്തുകളിലുള്ളവരും വടകര മുനിസിപ്പാലിറ്റിയില്‍പ്പെട്ടവരുമാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

തൂണേരിയില്‍ 9 ബന്ധുക്കള്‍ ഉള്‍പ്പെടെ 34 പേരും പുറമേരിയില്‍ 32പേരും വളയത്തില്‍ രണ്ട് പേരും കുന്നുമ്മല്‍,എടച്ചേരി എന്നിവിടങ്ങളില്‍ ആറ് പേരും , വടകര മുനിസിപ്പാലിറ്റിയില്‍ 9 പേരുമാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

തൂണേരി സ്വദേശിക്ക് പുറമേ കോവിഡ് ബാധിതനായ മുഴുപ്പിലങ്ങാട് സ്വദേശിയും വടകര മുനിസിപ്പാലിറ്റിയിലെ 45-ാം വാര്‍ഡില്‍ എത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം ഇരുപതിനാണ് ഇയാള്‍ ബന്ധുക്കളെ കാണാന്‍ താഴത്ത് അങ്ങാടിയിലെ വീട്ടില്‍ എത്തിയത്. തലശ്ശേരിയിലെ മത്സ്യ മാര്‍ക്കറ്റില്‍ ജോലിക്കാരനായ ഇയാള്‍ കോവിഡ് ബാധിച്ച് മരിച്ച ആസിയയുടെ ബന്ധുവിനൊപ്പമാണ് ജോലി ചെയ്തിരുന്നത്.

ഇന്നലെ ആറ് കോവിഡ് കേസുകളാണ് കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ജില്ലയിലെ ആറ് പഞ്ചായത്തുകളും വടകര നഗരസഭയിലെ 40, 45, 46 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം പഞ്ചായത്തുകള്‍ കൂടാതെ പുറമേരി, വടകര പഴയങ്ങാടി മല്‍സ്യമാര്‍ക്കറ്റുകളും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിപൂട്ടിയിരിക്കുകയാണ്.

Top