യുഡിഎഫിന്റെ മദ്യനയത്തിന് ശേഷം മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചു: ഋഷിരാജ് സിങ്

rishiraj-sing

കൊച്ചി: യുഡിഎഫ് കൊണ്ടുവന്ന മദ്യനയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മയക്കുമരുന്നു ഉപയോഗത്തില്‍ 200 ശതമാനം വര്‍ധനയുണ്ടായെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. 2014ലെ മദ്യനയത്തിന് ശേഷം സംസ്ഥാനത്തെ മയക്കുമരുന്നു കേസുകളിലും മൂന്നിരിട്ടി വര്‍ധനയുണ്ടായി.

2015ല്‍ 900 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2017ല്‍ 3000 ആയി വര്‍ധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം കാണ്ട് 700 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഈ വര്‍ഷം ഹഷീഷും എംഡിഎംഎയും ഉള്‍പ്പെടെ 100 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. പാലക്കാട് നിന്ന് 40 കോടിയുടെ ഹഷീഷ് ഓയിലും എറണാകുളത്ത് നിന്ന് 30 കോടിയുടെ എംഡിഎംഎയും കണ്ടെടുത്തു. തിരുവനന്തപുരത്ത് 20 കോടിയുടെ ഹഷീഷാണ് പിടികൂടിയത്. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

കേരളത്തിലെ ലഹരി വില്‍പ്പനയും ഉപയോഗവും തടയാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, കസ്റ്റംസ് എന്നിവയുമായി ചേര്‍ന്ന പദ്ധതി ആവിഷ്‌കരിക്കും. ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്ന് വില്‍പ്പന നടത്തിയ 27 മെഡിക്കല്‍ ഷോപ്പുകള്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ സഹായത്തോടെ പൂട്ടിച്ചു. ഓണ്‍ലൈന്‍ വഴി മയക്കുമരുന്നുകള്‍ ലഭ്യമാണെങ്കിലും ഇത്തരം മരുന്നുകള്‍ പലതും വ്യാജമാണെന്ന്കമ്മീഷണര്‍ പറഞ്ഞു.

പ്രളയക്കെടുതിയെതുടര്‍ന്ന് മാറ്റിവച്ച ലഹരിക്കെതിരെയുള്ള വിമുക്തി മിഷന്റെ കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തോണ്‍ നവംബര്‍ 4ന് നടക്കും. മഹാരാജാസ് കോളേജ് മൈതാനത്ത് നിന്നാരംഭിച്ച് വില്ലിങ്ടണ്‍ ഐലന്റിലേക്കാണ് മാരത്തണ്‍ നടത്തുന്നത്. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലും മയക്കുമരുന്ന് ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ഈ മാസം അവസാനത്തോടെ പ്രവര്‍ത്തന ക്ഷമമാക്കുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

Top