consumerfed scam

കൊല്ലം: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ അന്നപൂര്‍ണയുടെ ഭാഗമായി വിജിലന്‍സ് എടുത്ത കേസുകള്‍ അട്ടിമറിക്കാന്‍ നീക്കം.

65 കോടിയുടെ അഴിമതി കണ്ടെത്തിയ സംഭവത്തില്‍ സാക്ഷികള്‍ നല്‍കിയ മൊഴി തിരുത്താന്‍ ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ഒരു ഡിവൈ.എസ്.പി രംഗത്തെത്തിയതാണ് പുതിയ സംഭവ വികാസം.

ഈ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം സഹകരണ വകുപ്പിലെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മൊഴിയിലെ തുകയുടെ തോത് കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല.

കേസ് അന്വേഷണത്തില്‍ വിജിലന്‍സിന് വസ്തുതാപരമായ പിശകുകള്‍ സംഭവിക്കാതിരിക്കാന്‍ അവരെ സഹായിക്കുന്നതിനാണ് സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തെ നേരത്തെ നിയമിച്ചത്.

എന്നാല്‍ കേസിലെ മൊഴി സംസാരിക്കുന്ന രേഖകളായി മാറിയ സാഹചര്യത്തില്‍ പ്രതികളുടെ ശിക്ഷയെങ്കിലും ലഘൂകരിക്കാനാണ് ഡിവൈ.എസ്.പി ഇപ്പോള്‍ ഇടപെടുന്നത്. ഭരണ പ്രതിപക്ഷ തലങ്ങളിലെ യൂണിയന്‍ ഭാരവാഹികളാണ് മിക്ക കേസുകളിലും പ്രതിസ്ഥാനത്തുള്ളതെന്നതും ശ്രദ്ധേയമാണ്.

ഭരണമാറ്റത്തിന് ശേഷവും വിജിലന്‍സ് ഡയറക്ടറേറ്റില്‍ നിന്നും ഗവണ്‍മെന്റിലേക്ക് പോയ നാല് റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിയതായി പുതിയ വിവരമുണ്ട്.

കൊല്ലം, പൂജപ്പുര എന്നീ പാക്കിംഗ് സെന്ററുകളിലും എറണാകുളം ഹെഡ് ഓഫീസിലും ഉള്‍പ്പടെ പതിനെട്ട് യൂണിറ്റുകളില്‍ നേരത്തെ നടത്തിയ പരിശോധനയെത്തുടര്‍ന്നുള്ള സോഴ്‌സ് എന്‍ക്വയറി പ്രകാരമുള്ള റിപ്പോര്‍ട്ടുകളാണ് ഭരണമാറ്റത്തിന് ശേഷവും പുറത്തുവരാത്തത്.

റെയ്ഡ് സമയത്ത് പിടിച്ചെടുത്ത രേഖകളില്‍ നിന്നും ലഭിച്ച നിര്‍ണായക വിവരങ്ങളാണ് സോഴ്‌സ് എന്‍ക്വയറിയിലൂടെ ലഭിച്ചിട്ടുള്ളത്. 4/2013,7/2014 എന്നീ എഫ്. ഐ. ആറുകളിലൂടെ നടന്ന അന്വേഷണമാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസം വിവരാവകാശ നിയമപ്രകാരം വിജിലന്‍സ് ഡയറക്ടറേറ്റില്‍നിന്നും ലഭിച്ച മറുപടിയിലാണ് ഈ വിവരം പുറത്താകുന്നത്.

Top