എല്ലാ ജില്ലയിലും കണ്‍സ്യൂമര്‍ ഫെഡ് ക്രിസ്മസ് പുതുവത്സര ചന്തകള്‍ ആരംഭിക്കും; 1.34 കോടിയുടെ സര്‍ക്കാര്‍ സഹായം

ല്ലാ ജില്ലയിലും കണ്‍സ്യൂമര്‍ ഫെഡ് ക്രിസ്മസ്, പുതുവത്സര ചന്തകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിനായി സര്‍ക്കാര്‍ 1.34 കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. 21ന് സപ്ലൈകോ ക്രിസ്മസ് ചന്ത ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാന ഉദ്ഘാടനം. നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറച്ച് വിതരണം ചെയ്യാന്‍ സബ്സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന് 75 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഉത്സവകാല വില്‍പനയ്ക്കുശേഷം സബ്സിഡി തുക അനുവദിക്കുന്നതാണ് രീതി. ഇത്തവണ മുന്‍കൂറായിതന്നെ കണ്‍സ്യുമര്‍ഫെഡിന് തുക അനുവദിച്ചു.

സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ക്രിസ്മസ് ചന്തകള്‍ ഇത്തവണയും മുടക്കമില്ലാതെ നടത്തുമെന്ന് ധനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയില്‍ 13 ഇന സബ്‌സിഡി സാധനങ്ങള്‍ ലഭിക്കും.

തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലാചന്തകളുമുണ്ടാകും. 1600 ഓളം ഔട്ട്‌ലറ്റുകളിലും വില്‍പ്പനയുണ്ടാകും. സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടി ശനിയാഴ്ച പൂര്‍ത്തിയായി. ജില്ലാചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെയും മില്‍മയുടെയും സ്റ്റാളുകളും ഉണ്ടാകും.

Top