പുതിയ ബിഎംഡബ്ല്യു കാര്‍ കേടായി, എട്ടുവർഷം കേസ് നടത്തി; മുഴുവൻ തുകയും തിരികെ നൽകാൻ കമ്പനിയോട് കോടതി

ദില്ലി: ഉപഭോക്താവിന്റെ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് കാറിന്റെ വിലയായ 26 ലക്ഷം തിരികെ നൽകണമെന്ന് ബിഎംഡബ്ല്യു കാർ നിർമാതക്കളോട് ദില്ലി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. 2014ൽ വാങ്ങിയ കാറാണ് അഞ്ച് മാസത്തിന് ശേഷം കേടാകാൻ തുടങ്ങിയത്. പിന്നീട് എട്ടുവർഷത്തോളമായി നിരന്തരം പരാതിപ്പെട്ടിട്ടും പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇയാൾ കോടതിയെ സമീപിച്ചത്. പരാതി ലഭിച്ചതിന് ശേഷം, ബിഎംഡബ്ല്യു ടെക്നിക്കൽ വിഭാഗത്തിലെ ജീവനക്കാർ നടത്തിയ സംയുക്ത ടെസ്റ്റ് ഡ്രൈവിൽ ബ്രേക്കിങ്ങിൽ പ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ചിരുന്നു. തുടർന്ന് കാർ അറ്റകുറ്റപ്പണികൾക്കായി അയച്ചു. അറ്റകുറ്റപ്പണികൾ കഴിഞ്ഞിട്ടും പരാതിക്കാരന് മുമ്പത്തേതിൽ നിന്ന് വലിയ വ്യത്യാസം അനുഭവപ്പെട്ടില്ല. കേസിലെ എതിർ കക്ഷികൾ പറഞ്ഞ കാർ മാറ്റി നൽകുകയോ തകരാറുകൾ പരിഹരിക്കുകയോ ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ സേവനങ്ങളിൽ അപാകതയുണ്ടെന്ന പരാതിക്കാരുടെ വാദത്തോട് ഞങ്ങൾ യോജിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

അതുകൊണ്ടുതന്നെ, വൺ സീരീസ് ഹാച്ച്ബാക്കിന്റെ എക്‌സ് ഷോറൂം തുകയായ 26.3 ലക്ഷം രൂപ പരാതിക്കാരന് തിരികെ നൽകാൻ ബിഎംഡബ്ല്യുവിന് കോടതി നിർദ്ദേശം നൽകി. വാങ്ങിയ തുകയും വായ്പയുടെ ആറ് ശതമാനം പലിശയും, മാനസിക പീഡനത്തിന് 2 ലക്ഷം രൂപയും, വ്യവഹാര ചെലവുകൾക്കായി 50,000 രൂപയും തിരികെ നൽകാനും കോടതി നിർദ്ദേശം നൽകി. വാഹനത്തിന് ആവശ്യമായ സേവനത്തിനും അറ്റകുറ്റപ്പണികൾക്കുമായി 1.09 ലക്ഷം രൂപയും ടയർ മാറ്റിസ്ഥാപിക്കാൻ 35,000 രൂപയും ഇൻഷുറൻസ് തുകയായ 93,280 രൂപയും പരാതിക്കാരന് നൽകണം.

Top