ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മ്മാണം; ടാറ്റയും എയര്‍ബസും കരാര്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ ടാറ്റയും എയര്‍ബസും ഒപ്പിട്ടു. ഡിഫന്‍സ് മാനുഫാക്ചറിങില്‍ സ്വകാര്യ മേഖലയ്ക്ക് കൂടി സ്വാധീനം നല്‍കാനുളള നയത്തിന്റെ ഭാഗമായാണ് ഈ കരാര്‍. 22000 കോടി രൂപയുടേതാണ് കരാര്‍.

കരാര്‍ പ്രകാരം നിര്‍മ്മിക്കേണ്ട 56 സി 295 ട്രാന്‍സ്‌പോര്‍ട് എയര്‍ക്രാഫ്റ്റുകളില്‍ 40 എണ്ണവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കണമെന്നാണ് ചട്ടം. ഇതിനായുള്ള നിര്‍മ്മാണ ശാലകള്‍ക്ക് ഹൈദരാബാദിലും ബെംഗളൂരുവിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും സ്ഥലം പരിഗണനയിലുണ്ട്.

2012 മുതലുള്ളതാണ് 22000 കോടി രൂപയുടെ ഈ കരാര്‍. എന്നാല്‍ എയര്‍ബസ് ഒഴികെ മറ്റെല്ലാ കമ്പനികളും കരാര്‍ സ്വീകരിക്കാതെ പിന്മാറുകയായിരുന്നു. പല കമ്പനികളും കേന്ദ്രസര്‍ക്കാരിന് പല ഓഫറുകളും നല്‍കിയെങ്കിലും പ്രതിരോധ മന്ത്രാലയം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെയാണ് എയര്‍ബസിന് കരാര്‍ കിട്ടിയത്.

തദ്ദേശീയമായി വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാറിലാണ് ടാറ്റയും എയര്‍ബസും ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ പ്രതിരോധ സേനയ്ക്ക് വേണ്ടി പോര്‍വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയെന്ന നേട്ടവും ടാറ്റയ്ക്ക് സ്വന്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയതയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്ന ടാറ്റയെ പോലൊരു കമ്പനിക്ക് അഭിമാനിക്കാന്‍ കിട്ടിയ ഏറ്റവും വലിയ അവസരങ്ങളിലൊന്നായാണ് ഇതിനെ നോക്കിക്കാണുന്നത്.

Top