കുതിരാന്‍ തുരങ്ക നിര്‍മ്മാണം; മുഖ്യമന്ത്രിയെ ഡല്‍ഹിക്ക് ക്ഷണിച്ച് നിതിന്‍ ഗഡ്കരി

ആലപ്പുഴ: സംസ്ഥാനത്ത് കുതിരാന്‍ തുരങ്ക നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതടക്കം വിവിധ റോഡ് നവീകരണ – വികസന പദ്ധതികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ മുഖ്യമന്ത്രിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ഡല്‍ഹിക്ക് ക്ഷണിച്ച് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

അടുത്ത തവണ മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ എത്തുമ്പോള്‍ കേരളത്തിലെ റോഡ് പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥുടെ സാന്നിധ്യത്തില്‍ തന്നെ നമ്മുക്ക് ചര്‍ച്ച ചെയ്യാം. സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ദേശീയപാത പദ്ധതികളുടെ വിശദാശംങ്ങളും ഉദ്ഘാടന പ്രസംഗത്തിനിടെ ഗഡ്കരി പങ്കുവച്ചു.

ഗഡ്കരിയുടെ ക്ഷണം സ്വാഗതം ചെയ്ത മുഖ്യമന്ത്രി കൊവിഡ് കാരണം ദില്ലിയിലേക്കുള്ള യാത്ര വൈകുകയാണെന്നും അടുത്ത വട്ടം ദില്ലിയില്‍ എത്തിയാല്‍ എന്തായാലും യോഗം കൂടി കാര്യങ്ങള്‍ വിലയിരുത്താമെന്നും ഉറപ്പ് നല്‍കി. കയറും കയര്‍ അനുബന്ധ ഉത്പന്നങ്ങളും റബ്ബറും നിലവില്‍ കേരളത്തില്‍ റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രിയുടെ നിര്‍ദേശപ്രകാരം വിപുലമായ രീതിയില്‍ പ്രാദേശിക അസംസ്‌കൃത വസ്തുകള്‍ ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Top