സി.എന്‍.ജി-പെട്രോള്‍ ഹൈബ്രിഡ് ബൈക്കിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍; ആറ് മാസത്തിനുള്ളില്‍ നിരത്തിലെത്തും

പ്രകൃതി സൗഹാര്‍ദമായ ഗതാഗത സംവിധാനം എന്ന ലക്ഷ്യത്തിലേക്കും നീങ്ങുകയാണ് ബജാജ്. ഉയര്‍ന്ന ഇന്ധനക്ഷമത, താരതമ്യേന താങ്ങാവുന്ന വില എന്നിവയായിരുന്നു ബജാജിന്റെ ഇരുചക്ര വാഹനങ്ങളുടെ മുഖമുദ്ര. ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ എത്തിച്ച് ബജാജ് സ്ഥാനം ഉറപ്പിച്ചിരുന്നു. ഇതിനുപുറമെ, അടുത്ത ആറ് മാസത്തിനുള്ളില്‍ സി.എന്‍.ജി കരുത്തിലുള്ള ഇരുചക്ര വാഹനം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ്.

ഇലക്ട്രിക്കായി എത്തിയത് സ്‌കൂട്ടറാണെങ്കില്‍ സി.എന്‍.ജി കരുത്തില്‍ എത്തുന്നത് ബൈക്ക് ആയിരിക്കുമെന്നാണ് സൂചന. 110 സി.സി മോഡലിനെ അടിസ്ഥാനമാക്കിയാണ് സി.എന്‍.ജി ബൈക്ക് ഒരുങ്ങുന്നത്. സി.എന്‍.ജിക്ക് പുറമെ, എല്‍.പി.ജി, എഥനോള്‍ ചേര്‍ന്ന ഇന്ധനങ്ങള്‍ എന്നിവയിലും ഇരുചക്ര വാഹനങ്ങളും ക്വാഡ്രിസൈക്കിളുകളും എത്തിക്കുന്നതും കമ്പനിയുടെ പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ബ്രൂസര്‍ ഓഫ് ഇ101 എന്ന കോഡ്നെയിമിലാണ് ഈ സി.എന്‍.ജി മോട്ടോര്‍സൈക്കിളിന്റെ നിര്‍മാണം പൂരോഗമിക്കുന്നത്. ഈ വാഹനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ബജാജിന്റെ പദ്ധതി അനുസരിച്ച് നീങ്ങുകയാണെങ്കില്‍ അടുത്ത ആറ് മുതല്‍ 12 മാസത്തിനുള്ളില്‍ സി.എന്‍.ജി. ഇന്ധനമാകുന്ന ബൈക്കുകള്‍ നിരത്തുകളില്‍ എത്തിതുടങ്ങും. കാറുകളില്‍ കണ്ടിട്ടുളത് പോലെ സി.എന്‍.ജി-പെട്രോള്‍ ഹൈബ്രിഡ് മോട്ടോര്‍സൈക്കിളിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നാണ് വിവരം.

ആദ്യഘട്ടത്തില്‍ ഈ ബൈക്കുകളുടെ നിര്‍മാണം ഔറംഗബാദിലെ പ്ലാന്റിലായിരിക്കുമെന്നാണ് വിവരം. എന്നാല്‍, പിന്നീട് പന്ത് നഗറിലെ പ്ലാന്റിലും നിര്‍മിക്കുമെന്നാണ് സൂചനകള്‍. സി.എന്‍.ജി. കരുത്തില്‍ എത്തുന്ന വാഹനം ഏതാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടില്ലെങ്കിലും പ്ലാറ്റിനയിലായിരിക്കും സി.എന്‍.ജി ഒരുങ്ങുകയെന്നാണ് അഭ്യൂഹങ്ങള്‍. 110 സി.സി. സെഗ്മെന്റില്‍ വരുന്ന സി.എന്‍.ജി. ബൈക്കുകളുടെ പ്രോട്ടോടൈപ്പുകള്‍ ഇതിനോടകം തന്നെ ബജാജ് നിര്‍മിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സി.എന്‍.ജി. വാഹനങ്ങളുടെ നിര്‍മാണത്തില്‍ വലിയ പാരമ്പര്യമുള്ള കമ്പനിയാണ് ബജാജ്. പ്രതിവര്‍ഷം ഒന്ന് മുതല്‍ 1.2 ലക്ഷം യൂണിറ്റ് സി.എന്‍.ജി. ബൈക്കുകളായിരിക്കും നിര്‍മിക്കുക. വാഹനത്തിന്റെ ഡിമാന്റ് കണക്കിലെടുത്ത് ഇത് രണ്ടുലക്ഷം വരെ ഉയര്‍ത്താനുള്ള സംവിധാനവും ബജാജിന്റെ കൈവശമുണ്ട്. ത്രീ വീലര്‍ ശ്രേണിയിലെ സി.എന്‍.ജി. വാഹനങ്ങളുടെ വില്‍പ്പനയുടെ 90 ശതമാനവും ബജാജ് ഓട്ടോയ്ക്ക് സ്വന്തമാണ്. ഈ പരമ്പര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുചക്ര വാഹനങ്ങളിലേക്കും നീങ്ങുന്നത്.

Top