അയോധ്യ ക്ഷേത്ര നിർമാണം: കേരളം നൽകിയത് 13 കോടി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി കേരളത്തില്‍ നിന്ന് പതിമൂന്ന് കോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്. രാജ്യത്ത് നിന്ന് ആകെ ലഭിച്ച സംഭാവന 2500 കോടി രൂപയാണ്.മാര്‍ച്ച് നാല് വരെ ലഭിച്ച കണക്കുകളാണ് ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് രാജസ്ഥാനില്‍ നിന്നാണെന്നും ചമ്പത്ത് റായ് അറിയിച്ചു.അന്തിമ കണക്കെടുപ്പില്‍ ഈ തുക വര്‍ധിച്ചേക്കാമെന്നും ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെയായിരുന്നു ക്ഷേത്ര നിര്‍മാണത്തിന് വീടുകള്‍ കയറിയും സ്ഥാപനങ്ങള്‍ കയറിയുമുള്ള സംഭാവന സ്വീകരിക്കല്‍.വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി ട്രസ്റ്റിന് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ ഉടന്‍ വിദേശത്ത് നിന്നുള്ള സംഭാവനയും ട്രസ്റ്റ് സ്വീകരിക്കും.

ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് മാത്രമായി 400 കോടി ചെലവ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ തുക ഉയരും എന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടൽ.ക്ഷേത്ര സമുച്ചയം വികസപ്പിക്കുന്നതിന് 1100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Top