ദുബായിലെ പുതിയ ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു

ദുബായ്: ജെബല്‍അലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. അടുത്ത വര്‍ഷം ദസറയോടനുബന്ധിച്ച് പുതിയ ക്ഷേത്രം വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കും. അതിനായി ദുബായ് കമ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ പൂര്‍ണ സഹകരണവും പിന്തുണയും ക്ഷേത്രം നടത്തിപ്പുകാരായ ട്രസ്റ്റി ബോര്‍ഡിന് ലഭിച്ചുകഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29 – നാണ് ക്ഷേത്രത്തിന് തറക്കല്ലിടല്‍ കര്‍മം നടന്നത്. നൂറുകണക്കിന് തൊഴിലാളികള്‍ ക്ഷേത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനം നടത്തുകയാണ്. ഹിന്ദുവാസ്തുശാസ്ത്രപ്രകാരം 25,000 ചതുരശ്രയടി ഭൂമിയില്‍ 75,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ക്ഷേത്രം പണികഴിപ്പിക്കുന്നത്. രണ്ടുനില പാര്‍ക്കിങ് സൗകര്യമുള്ള ക്ഷേത്രത്തിന് 24 മീറ്റര്‍ ഉയരമുണ്ടാകും, 1500 – ഓളം വിശ്വാസികള്‍ക്ക് ഒരേസമയം പ്രാര്‍ഥിക്കാന്‍ സൗകര്യമുണ്ടായിരിക്കും.

ക്ഷേത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനം പകുതിയോളം പൂര്‍ത്തിയായിട്ടുണ്ട്. 65 ദശലക്ഷം ദിര്‍ഹമാണ് ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കണക്കാക്കിയിരിക്കുന്നത്. ആധുനിക രീതിയിലാണ് ജെബല്‍ അലിയിലെ പുതിയ ക്ഷേത്രം നിര്‍മിക്കുന്നത്. പിച്ചള പൂശിയ താഴികക്കുടം ദുബായ് ശൈഖ് റോഡില്‍ നിന്നുപോലും തിളക്കത്തോടെ ദര്‍ശിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.

സൂര്യപ്രകാശത്തില്‍ താഴികക്കുടം തിളക്കം വര്‍ധിക്കുമെന്ന പ്രത്യേകതയുമുണ്ട്. പരമശിവനെയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുക. പ്രകൃതിയോടിണങ്ങിയ രീതിയിലായിരിക്കും പ്രാര്‍ഥനാമന്ദിരവും പണികഴിപ്പിക്കുന്നത്. സിഖ് ഗുരുദ്വാരയുടേയും ഈജിപ്ഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടേയും സമീപത്താണ് ജെബല്‍ അലിയിലെ പുതിയ ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. നിരവധി ഹിന്ദു സന്നദ്ധപ്രവര്‍ത്തകരും ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ട്.

 

Top