Construction Company in Kerala settled Case against Sonia Gandhi

തിരുവനന്തപുരം: എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ സാമ്പത്തിക ഇടപാട് കേസ് ഒത്തുതീര്‍ത്തു. കെപിസിസി നേതൃത്വം ഇടപെട്ടാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. ആര്‍ജിഐഡിഎസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തുക കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് നല്‍കി. ഇതോടെയാണ് കോടതിയില്‍ നല്‍കിയ പരാതിയില്‍ തീരുമാനമായത്.

കേസ് ഒത്തുതീര്‍പ്പ് ആക്കിയതായി ആര്‍ജിഐഡിഎസ് ഡയറക്ടര്‍ അറിയിച്ചു. സോണിയാ ഗാന്ധി പ്രതിയാണ് എന്ന രീതിയില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ് എന്ന് ഡയറക്ടര്‍ ഹിദുര്‍ മുഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് തലസ്ഥാനത്ത് നെയ്യാറില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ് നിര്‍മ്മിച്ചത്. ഹെതര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിനായിരുന്നു നിര്‍മ്മാണ ചുമതല. നിര്‍മ്മാണത്തിന് ചെലവ് വന്ന തുക ഇതുവരെയും കോണ്‍ഗ്രസ് നല്‍കിയില്ല.

2005ല്‍ സോണിയ ഗാന്ധിയാണ് ആര്‍ജിഡിഐഎസ് ഉദ്ഘാടനം ചെയ്തത്. പരാതിക്കാര്‍ തുകയ്ക്ക് വേണ്ടി സോണിയാ ഗാന്ധിയെ സമീപിച്ചിരുന്നു. അന്ന് കെപിസിസി തുക നല്‍കുമെന്ന് സോണിയ ഗാന്ധി ഉറപ്പ് നല്‍കി. എന്നാല്‍ ഇതുവരെയും പണം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കണ്‍സ്ട്രക്ഷന്‍സ് കമ്പനി ഉടമ കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ പ്രതിചേര്‍ത്താണ് പരാതി നല്‍കിയത്.

Top