ഗൂഢാലോചന കേസ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നാളെ ഹര്‍ജി നല്‍കും

 

കൊച്ചി: ഗൂഢാലോചന കേസില്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നാളെ ഹര്‍ജി സമര്‍പ്പിക്കും. അഭിഭാഷകന്‍ ബി രാമന്‍ പിള്ള മുഖേനെ നാളെ ഹൈക്കോടതിയെ സമീപിക്കും. എഫ് ഐ ആര്‍ കെട്ടിച്ചമച്ചതാണെന്നും തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.

നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ഹര്‍ജിയില്‍ ദിലീപ് ഉയര്‍ത്തുന്ന ആരോപണം. വിചാരണ നീട്ടികൊണ്ടു പോകാനുള്ള ശ്രമവും ഇപ്പോള്‍ നടത്തുന്നുണ്ട്. ഇതില്‍ കാര്യക്ഷമമായ ഇടപെടല്‍ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ദിലീപ് പറയുന്നു. സര്‍ക്കാരിന്റെ മറുപടി കൂടി പരിഗണിച്ചേ ഹൈക്കോടതി ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കൂ.

ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ശബ്ദസാമ്പിള്‍ നല്‍കി. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിയാണ് ദിലീപ് ശബ്ദസാമ്പിള്‍ നല്‍കിയത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളുടെ പശ്ചാത്തലത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്.

ശബ്ദപരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് വീണ്ടും അന്വേഷണസംഘം ഹൈക്കോടതിയെ സമീപിക്കും. പ്രതികളില്‍ നിന്ന് കണ്ടെടുത്ത ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നുണ്ട്.

 

 

Top