വധഗൂഢാലോചന കേസ്; ആറ് ഫോണുകളുടെ ശാസ്ത്രീയപരിശോധന ഫലം ഇന്ന് ലഭിക്കും

കൊച്ചി: വധഗൂഢാലോചന കേസില്‍ പ്രതികള്‍ അവസാനം നല്‍കിയ ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് ലഭിക്കും. ഫോണില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് . ഇതിനിടയില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ ക്രൈം ബ്രാഞ്ച് സജീവമാക്കി.ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുകാട്ടി ദിലീപിന് ഉടന്‍ നോട്ടിസ് നല്‍കും. പ്രതികളുടെ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെയും വരും ദിവസങ്ങളില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും.

ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശം അനൂപിനും സുരാജിനും ലഭിച്ചു. തിങ്കളാഴ്ച ഹാജരാകണമെന്നാണ് സുരാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം പിടിച്ചെടുത്ത ഫോണുകളുടെ പരിശോധനാഫലം കിട്ടിയിട്ടുണ്ട്. കൂടുതല്‍ പേരില്‍ നിന്ന് അന്വേഷണ സംഘം ഉടന്‍ മൊഴിയെടുക്കും. ബുധനാഴ്ച ഹാജരാകണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് അനൂപിനു നോട്ടിസ് അയച്ചിരുന്നു. എന്നാല്‍, തന്റെ ബന്ധു മരിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി അനൂപ് ചോദ്യം ചെയ്യലിന് എത്തിയില്ല.

വധഗൂഢാലോചന കേസില്‍, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആര്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

Top