ഗൂഢാലോചന കേസ്; പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റെന്ന് ദിലീപിന്റെ അഭിഭാഷകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്താന്‍ ശ്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റെന്ന് ദിലീപിന്റെ അഭിഭാഷകന്‍. ദിലീപിന്റെ വീട്ടിലാരുമില്ലാത്തപ്പോള്‍ ഇന്നലെ നോട്ടീസ് പതിച്ചു. വീട്ടിലാരുമില്ലെന്ന് അറിയിച്ചിട്ടും പോലിസ് എത്തിയെന്ന് അഭിഭാഷകന്‍ പറഞ്ഞു.

മൂന്ന് ദിവസം 11 മണിക്കൂര്‍ വീതം ചോദ്യം ചെയ്തിട്ടും അന്വേഷണത്തോട് സഹകരിച്ചില്ല എന്നാണ് പറയുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. കൂടാതെ കുറ്റസമ്മതം നടത്താന്‍ ദിലീപിനോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇതിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തി. ഭീഷണിപ്പെട്ടുത്തി മൊഴിനല്‍കാന്‍ ആവശ്യപ്പെട്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

മൂന്ന് ദിവസം ചോദ്യം ചെയ്തിട്ടിട്ട് അവസാന ദിവസമാണ് ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കുന്നത്, അപ്പോഴേക്കും അത് മുബൈയ്ക്ക് അയച്ചിരുന്നു. അത് ഗൂഢാലോചനയായാണ് ചിത്രീകരിക്കുന്നത്. ഇതാണ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് പറയുന്നതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നില്ല എന്ന് തന്നെയാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അന്വേഷണം തന്നെ തടസ്സപ്പെട്ട നിലയിലാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

33 മണിക്കൂര്‍ ചോദ്യം ചെയ്തിട്ട് കിട്ടാത്ത എന്താണ് ഇനി ചോദ്യം ചെയ്താല്‍ കിട്ടുക എന്ന അഭിഭാഷകന്‍ ചോദിച്ചു. കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി കുറ്റസമ്മതം നടത്താനാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

Top