ഗൂഢാലോചനാ കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് അടുത്ത ബുധനാഴ്ച വരെ തടഞ്ഞ് ഹൈക്കോടതി.

ദിലീപിന്റെയും കൂട്ടുപ്രതികളായ നാല് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹൈക്കോടതിയില്‍ മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കുമെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചു.

ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ, കോടതി നിര്‍ദേശപ്രകാരമാണ് പ്രതികളെ എല്ലാവരെയും ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്.

ഞായര്‍, തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളിലായി ചോദ്യം ചെയ്ത്, വ്യാഴാഴ്ച അന്വേഷണറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് ജസ്റ്റിസ് പി ഗോപിനാഥ് നിര്‍ദേശിച്ചത്.

Top