ദിലീപിന്റെ സഹോദരൻ അനൂപ് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. അനൂപിന്റെ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം അടിസ്ഥാനമാക്കിയാണ് മൊഴിയെടുക്കുന്നത്. ദിലീപ്, അനൂപ് അടക്കമുളള കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു

അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം.

കൂടാതെ തുടരന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം.

 

Top