മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടന്നത് ഗൂഢാലോചന ? അണിയറയിലെ ‘വില്ലനെ’ തേടി രഹസ്യ പൊലീസ്

നോരമയുടെ മാസപ്പടി വാർത്തയ്ക്കു പിന്നിൽ ഗൂഢാലോചന സംശയിച്ച് ഇടതുപക്ഷ നേതൃത്വവും രംഗത്ത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നുതന്നെ ഇത്തരമൊരു ആരോപണം പുറത്തു വന്നതാണ് സംശയത്തിനു കാരണമായിരിക്കുന്നത്. ഇതു സംബന്ധമായി രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ‘മാസപ്പടി’ വാർത്തയുമായി മനോരമ ഇറങ്ങിയത്‌ യുഡിഎഫിനെ സഹായിക്കാമെന്ന വ്യാമോഹത്തിലാണെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനിയും ആഞ്ഞടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ അനധികൃതമായി എന്തോ നേടിയെന്ന തരത്തിൽ ആദായനികുതിയുടെ തർക്കപരിഹാര ബോർഡിന്റെ ഉത്തരവ്‌ വളച്ചൊടിച്ചത്‌ കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് ദേശാഭിമാനി ആരോപിച്ചിരിക്കുന്നത്. ജൂൺ 12ലെ ഉത്തരവ്‌ ഇതുവരെ കാത്തുവച്ചതിലെ ‘കരുതലും’ പ്രത്യേകം കാണണമെന്ന പരിഹാസവും ആ വാർത്തയിലുണ്ട്.

രണ്ടു കമ്പനികൾ നിയമാനുസൃതം ഏർപ്പെട്ട കരാറും അതിന്റെ ഭാഗമായുള്ള സേവനവും പ്രതിഫലം കൈമാറലുമാണ്‌ നടന്നത്‌ എന്നാണ് വിവാദം സംബന്ധിച്ച് സി.പി.എം കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. ഇതൊന്നും ഒളിച്ചല്ല നടന്നതെന്നും ബില്ല്‌ നൽകിയും ബാങ്ക്‌ അക്കൗണ്ട്‌ വഴി പണം കൈമാറിയുമാണ് നടന്നതെന്നതിന് മനോരമ വാർത്തയെ തന്നെയാണ് സി.പി.എം നേതൃത്വം തെളിവായി നിരത്തുന്നത്. തർക്കപരിഹാര ബോർഡ്‌ പരിഗണിച്ച വിഷയത്തിൽ വീണയോ അവരുടെ കമ്പനിയോ കക്ഷി പോലുമല്ലന്ന കാര്യം ദേശാഭിമാനിയും ഓർമ്മപ്പെടുത്തിയിട്ടുണ്ട്. സിഎംആർഎല്ലിന്റെ ആദായനികുതിയുമായി ബന്ധപ്പെട്ട് തർക്കം പരിഹരിക്കലാണ് നടന്നിരിക്കുന്നത്. എക്സാലോജിക് സിഇഒയ്ക്ക്‌ ലഭിച്ച പ്രതിഫലത്തിന് ടിഡിഎസും തുക ലഭിച്ചവർ ആദായനികുതിയും അടച്ചിട്ടുമുണ്ട്‌.

മുമ്പ്‌ ഇത്തരം നുണക്കഥകൾ പൊളിഞ്ഞപ്പോൾ തിരുത്താനോ തെറ്റ്‌ സമ്മതിക്കാനോ മനോരമ തയ്യാറായിട്ടില്ലന്ന രൂക്ഷ വിമർശനവും ദേശാഭിമാനി നടത്തിയിട്ടുണ്ട്. ലോക കേരളസഭയിൽ ‘മുഖ്യമന്ത്രിയോടൊപ്പമിരിക്കാൻ 82 ലക്ഷം രൂപ’ എന്ന വാർത്ത മുൻപ് മനോരമ തട്ടിവിട്ടത്‌ ഓർമ്മിപ്പിച്ചാണ് ഈ വിമർശനം. ഇതിനു പുറമെ കള്ള വാർത്തകൾ പൊളിച്ചടുക്കുന്നതിനായി മുൻപ് മാധ്യമങ്ങൾ ആഘോഷിച്ച കമല ഇന്റർനാഷണൽ കൊട്ടാരംപോലുള്ള വീട് ടെക്നിക്കാലിയ നൂറുവട്ടം സിംഗപ്പുർ യാത്ര തുടങ്ങിയ കഥകളും ദേശാഭിമാനി എടുത്തു പറയുന്നുണ്ട്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ മനോരമ കൊടുത്ത വാർത്തകൾ എല്ലാം വ്യാജമെന്ന്‌ തെളിഞ്ഞിട്ടുള്ളതിനാൽ ‘മാസപ്പടി’ കഥയും ജനം തള്ളുമെന്നാണ് സി.പി.എം മുഖപത്രം പറയുന്നത്. ദേശാഭിമാനിയുടെ ഈ വാദങ്ങൾ ഇടതുപക്ഷ പ്രൊഫൈലുകളിൽ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്. മനോരമ വാർത്തയെ തിരിച്ച് യു.ഡി.എഫിനെതിരെ രാഷ്ട്രീയ ആയുധമാക്കിയാണ് സി.പി.എം പ്രവർത്തകർ കടന്നാക്രമണം നടത്തുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് കൺസൾട്ടൻസി ഫീസ്‌ നൽകിയതിൽ തെറ്റെന്താണ് എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രി ആകുന്നതിനു മുൻപു തന്നെ ബംഗളുരു ആസ്ഥാനമായി ഐ.ടി രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് വീണ. മുഖ്യമന്ത്രിയുടെ മകളായതു കൊണ്ടു മാത്രം അവരുടെ സ്ഥാപനം ആർക്കും സർവ്വീസ് നൽകരുത് എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന ചോദ്യമാണ് ഒരു വിഭാഗം ഉയർത്തുന്നത്.

സ്വന്തം നിലയ്ക്ക് ഏത് സ്ഥാപനത്തിനും സർവ്വീസ് നൽകാനും കരാറിൽ ഏർപ്പെടാനും ഏതു വ്യക്തികൾക്കും എന്ന പോലെ തന്നെ വീണയ്ക്കും അവകാശമുണ്ടെന്നിരിക്കെ മുഖ്യമന്ത്രിയുടെ മകളായി പോയി എന്ന ഒറ്റ കാരണത്താൽ ഇതൊന്നും പാടില്ലന്നു പറയുന്നതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്നാണ് ഐ.ടി രംഗത്തെ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

സിഎംആർഎൽ എക്‌സാലോജിക്‌ സൊല്യൂഷൻസ്‌ എന്ന കമ്പനിക്ക്‌ നൽകിയത്‌ മാസപ്പടിയല്ലന്നും കൺസൾട്ടൻസി ഫീസാണ്‌ എന്നും സിഎംആർഎൽ ചീഫ് ജനറൽ മാനേജർ എൻ അജിത്‌ കർത്തയും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ ആവശ്യത്തിന്‌ അനുയോജ്യമായ കൺസൾട്ടൻസിയെയാണ്‌ കണ്ടെത്തി നിയോഗിച്ചതെന്നും അതിന്‌ പ്രതിഫലവും നൽകിയതിൽ എന്താണ്‌ അനധികൃതമായുള്ളതെന്നതു ആക്ഷേപമുന്നയിച്ചവർ വ്യക്തമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ഐടി സ്ഥാപനത്തിന്‌ സിഎംആർഎൽ മൂന്നുവർഷത്തിനിടെ മാസപ്പടിയായി 1.72 കോടി രൂപ നൽകിയെന്ന മലയാള മനോരമ വാർത്തയോടാണ് അജിത്‌ കർത്ത ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്.

കമ്പനിക്ക്‌ പ്രതിസന്ധിയുണ്ടാകുമ്പോഴാണ്‌ കൺസൾട്ടൻസിയോട് സേവനം ചോദിക്കുക. അതിനുള്ള അവസരമുണ്ടായില്ലെങ്കിൽ സേവനം ലഭിക്കുകയുമില്ല. ഇത്തരം അവസരം ഉണ്ടായാലും ഇല്ലെങ്കിലും കരാർപ്രകാരമുള്ള ഫീസ്‌ കരാറിൽ ഏർപ്പെടുന്ന ഏത് കമ്പനിക്കും നൽകേണ്ടതുണ്ട്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. അതിനെയാണ് സേവനം നൽകാത്തതിന് പണം നൽകിയിരിക്കുന്നത് എന്നു ചിത്രീകരിച്ചിരിക്കുന്നത്. വീണയുടെ കമ്പനി വാങ്ങിയ ഫീസ്‌ എല്ലാം തന്നെ ബാങ്ക്‌ അക്കൗണ്ടിലൂടെ തികച്ചും നിയമപരമായി മാത്രമാണ് വാങ്ങിയിരിക്കുന്നത് എന്നത് ആദായനികുതി വകുപ്പു അധികൃതരും സമ്മതിച്ചിട്ടുള്ള കാര്യമാണ്. മറ്റു വല്ല താൽപ്പര്യവും ഉണ്ടായിരുന്നു എങ്കിൽ ഇടപാടുകൾ മറച്ചു വയ്ക്കണമായിരുന്നു എങ്കിൽ ഒരിക്കലും അക്കൗണ്ട് വഴി പണം വാങ്ങില്ലന്നു തിരിച്ചറിയാനുള്ള വിവേകം പോലും വിഷയം വിവാദമാക്കുവാൻ മത്സരിക്കുന്ന മറ്റു മാധ്യമങ്ങൾക്കും ഇല്ലാതെ പോയിട്ടുണ്ട്. ഇപ്പോഴത്തെ വിവാദം രാഷ്‌ട്രീയ നേട്ടത്തിനായാണ്‌ ഉപയോഗിക്കുന്നത്‌ എന്നതു പകൽ പോലെ വ്യക്തമാണ്.

സിഎംആർഎലും എക്സാലോജിക് ഐടി കമ്പനിയുമായി സോഫ്റ്റ്‌വെയർ പരിപാലനത്തിനുവച്ച കരാർപ്രകാരമുള്ള പ്രതിഫലം കൈപ്പറ്റുന്നത്‌ ‘മാസപ്പടി’ ആക്കിയത്‌ തന്നെ വിചിത്രഭാവനയെന്നാണ് ഭരണപക്ഷം തുറന്നടിക്കുന്നത്. അങ്ങനെയെങ്കിൽ മനോരമയും വാർത്ത ഏറ്റുപിടിച്ച മാധ്യമ കമ്പനികളും വയ്‌ക്കുന്ന വിവിധ കരാറുകളുടെ പ്രതിഫലവും ‘മാസപ്പടി’ പട്ടികയിലാകുമെന്നതാണ് ഇടതുപക്ഷ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

സിഎംആർഎല്ലിന്റെ ഒന്നാമത്തെ കരാർ എക്സാലോജിക് കമ്പനിയുമായി 2017 മാർച്ച് രണ്ടിന്‌ ഒപ്പിട്ടതാണ്‌. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്‌ മാനേജ്മെന്റ്‌, മെയിന്റനൻസ്, ഡെലിവറി എന്നീ കാര്യങ്ങൾക്കായി പ്രതിമാസം മൂന്നുലക്ഷം രൂപ പ്രതിഫലമാണ് നിശ്ചയിച്ചിരുന്നത്. രണ്ടാമത്തെ കരാർ ഐടി ആൻഡ് മാർക്കറ്റിങ്‌ കൺസൾട്ടന്റായി വീണയെ തീരുമാനിച്ചിട്ടുള്ളതാണ്‌. ഐടി പ്രൊഫഷണലായ വീണയ്ക്ക് മറ്റു ആനുകൂല്യങ്ങളില്ലാതെ മാസം അഞ്ചുലക്ഷം രൂപയാണ് കരാറിൽ നിശ്ചയിച്ചിരുന്നത്. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇതെന്നും കരാറുകൾ പ്രകാരമുള്ള സേവനങ്ങൾ നൽകിയിട്ടുണ്ടെന്നും കമ്പനിതന്നെ ഇതിനകം വ്യക്തമാക്കിയിട്ടുമുണ്ട്. സേവന, വേതന വ്യവസ്ഥകൾ കൃത്യമായുള്ള കരാറിൽ നിന്നും ആര്‌ വ്യതിചലിച്ചാലും ഇരുകക്ഷികൾക്കും പിന്മാറാനുള്ള അവകാശവും ഈ കരാറിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പ്രതിഫലം കൊടുത്തതിൽ സിഎംആർഎൽ നൽകിയ സത്യവാങ്മൂലമോ അനുബന്ധമായ മൊഴികളോ കണക്കിലെടുക്കാതെയാണ് തർക്കപരിഹാര ബോർഡിൽ ആദായനികുതിവകുപ്പിന്റെ വാദമെന്ന ആരോപണവും ഇപ്പോൾ ഉയർന്നിട്ടുണ്ട്. നികുതി ഇളവിൽ സിഎംആർഎൽ സമർപ്പിച്ച വിവിധ രേഖകളിൽ ഒന്നുമാത്രമാണ് പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ ഉള്ളതെന്നും ഇതിൽ എക്സാലോജിക്കും കൺസൾട്ടന്റ്‌ എന്ന നിലയിൽ വീണയും കമ്പനിയുമായി ഏർപ്പെട്ട കരാർ വിവരങ്ങളുണ്ടെന്നുമാണ് വാദം. എന്നാൽ പ്രതിഫലത്തിന്റെ കാര്യത്തിൽ കമ്പനിക്ക്‌ പറയാനുള്ളത്‌ കേൾക്കാതെ സ്ഥാപനത്തിലെ ജീവനക്കാരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനം എടുക്കുകയായിരുന്നുവത്രെ. ഈ ജീവനക്കാരന്റെ മൊഴിയിലെ വൈരുധ്യം തിരുത്തണമെന്ന് സിഎംആർഎൽ ആവശ്യപ്പെട്ടെങ്കിലും ബോർഡ്‌ അംഗീകരിച്ചിരുന്നില്ല.

2014 മുതൽ, ബംഗളൂരു ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് എക്സാലോജിക്. കമ്പനിയുടെ വരുമാനം നിയമവിധേയമായ മാർഗത്തിലൂടെ ഉള്ളതാണെന്നും ലഭിച്ച വരുമാനത്തിന് ആദായനികുതിവകുപ്പിന്‌ ടിഡിഎസ് ഒടുക്കിയതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എക്സാലോജിക്കിന്റെ സേവനങ്ങൾ തൃപ്തികരമല്ലെന്ന്‌ സിഎംആർഎൽ പറഞ്ഞതായി വാർത്ത പുറത്തുവിട്ട മനോരമ പോലും പറഞ്ഞിട്ടില്ല. പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്ന വിമർശനം കമ്പനി നടത്തിയതായാണ്‌ പ്രസ്തുത വാർത്തയിൽ പറഞ്ഞിരിക്കുന്നത്‌. ഇക്കാര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ശക്തമായ പ്രതിരോധമാണ് ഇടതുപക്ഷ പ്രവർത്തകർ സോഷ്യൽ മീഡിയകളിൽ നടത്തി കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ ആയതു കൊണ്ടു മാത്രമാണ് വീണയെ വേട്ടയാടുന്നതെന്നും ഇതിനു പിന്നിലെ രാഷ്ട്രീയ താൽപ്പര്യം പുറത്തു കൊണ്ടുവരിക തന്നെ ചെയ്യുമെന്നുമാണ് സി. പി.എം നേതാക്കളും വ്യക്തമാക്കിയിരിക്കുന്നത്.

EXPRESS KERALA VIEW

Top