ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചന; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ കുടുംബയോഗങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം ഉദ്ഘാടനം ചെയ്തു. ധര്‍മ്മടം മണ്ഡലത്തിലാണ് ആദ്യ കുടുംബയോഗം നടക്കുന്നത്. ആരോഗ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചനായാണ്. ചില വ്യക്തികളും മാധ്യമങ്ങളും വാര്‍ത്ത സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നിലെ സൂത്രധാരനെ കൈയോടെ പിടികൂടി. ഹരിദാസ് ഗൂഢാലോചയുടെ ഭാഗമാണ്. ആരോഗ്യവകുപ്പിന്റേത് മികച്ച പ്രവര്‍ത്തനം. കെട്ടിച്ചമയ്ക്കലുകള്‍ ഇനിയും ഉണ്ടാകും.

മികച്ച രീതിയിലാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് കുടുംബയോഗങ്ങളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി.

നാലു ദിവസങ്ങളിലായി ധര്‍മടം നിയോജക മണ്ഡലത്തിലെ 28 കുടുംബ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യമിട്ട് ബൂത്ത് അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മണ്ഡലത്തിലെ ജനപ്രതിനിധികളും എല്‍ഡിഎഫ് നേതാക്കളും കുടുംബ യോഗങ്ങളില്‍ പങ്കെടുക്കും. എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കുടുംബയോഗങ്ങള്‍ക്കും ഇന്ന് തുടക്കമാകും.

Top