നിർമ്മാണപ്രവൃത്തികളിൽ ലേബർ സൊസൈറ്റികൾക്കു പരിഗണന ഉറപ്പാക്കും: മന്ത്രി വി. എൻ. വാസവൻ

തിരുവനന്തപുരം: നിര്‍മാണപ്രവൃത്തികളില്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതിനായുള്ള പരിഷ്‌കരണങ്ങള്‍ക്ക് സഹകരണ വകുപ്പ് മുന്‍കൈ എടുക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷന്‍-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ടെന്‍ഡറുകളില്‍ സ്വകാര്യ കരാറുകാരേയും ലേബര്‍ കോപ്പറേറ്റീവുകളേയും ഒരുപോലെ പരിഗണിക്കുന്ന സ്ഥിതി മാറണം. ഇതിനായി പി.ഡബ്ല്യു.ഡി. മാന്വല്‍ അടക്കം പരിഷ്‌കരിച്ച് നിയമവ്യവസ്ഥ ഉണ്ടാക്കണം. ഇതടക്കമുള്ള പ്രശ്‌നങ്ങള്‍ പൊതുമരാമത്ത്, ധനകാര്യ വകുപ്പുകളുമായി ചേര്‍ന്നു പരിഹരിക്കാന്‍ സഹകരണവകുപ്പ് മുന്‍കൈ എടുക്കുമെന്നും മന്ത്രി വാസവന്‍ പറഞ്ഞു.

കേരളവികസനത്തില്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റികളുടെ പങ്കും അവ നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാനും പരിഹാരനിര്‍ദ്ദേശങ്ങള്‍ കണ്ടെത്താനുമായി കേരള ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ (KLCCSWA) സംഘടിപ്പിക്കുന്ന സെമിനാറും ശില്‍പ്പശാലകളും സഹകരണഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാബാങ്കുകളില്‍നിന്നു ലഭിച്ചുവന്ന ക്യാഷ് ക്രെഡിറ്റും പവര്‍ ഓഫ് അറ്റോര്‍ണിയിലുള്ള വായ്പയും കേരള ബാങ്കിലൂടെയും ലഭ്യമാക്കും. വിലവര്‍ദ്ധന പരിഹരിക്കാന്‍ നിര്‍മ്മാണസാമഗ്രികള്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നകാര്യം വലിയ സംഘങ്ങള്‍ ആലോചിക്കണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചു.

രണ്ടരലക്ഷം കോടി രൂപ നിക്ഷേപമുള്ള കേരളത്തിലെ സഹകരണമേഖല ഒരു ബദലാണെന്ന് മുഖ്യാതിഥിയായ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സാമൂഹികപ്രതിബദ്ധത, സമയബന്ധിതമായും മികച്ച ഗുണനിലവാരത്തിലുമുള്ള നിര്‍മ്മാണം ഒക്കെ ലേബര്‍ കോപ്പറേറ്റീവുകളുടെ സവിശേഷതയാണ്. ചെല്ലാനം തീരസംരക്ഷണപദ്ധതിയിലടക്കം നൂതന നിര്‍മ്മാണരീതികള്‍ നടപ്പിലാക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റി ഈ രംഗത്തു മാതൃകയാണ്. നൂതന നിര്‍മ്മാണരീതികള്‍ സ്വായത്തമാക്കാന്‍ ചെറിയ സംഘങ്ങളെ പ്രാപ്തമാക്കാന്‍ ജില്ലാതലങ്ങളില്‍ സംയുക്ത ടെക്‌നിക്കല്‍ വിങ്ങുകള്‍ തുടങ്ങാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘കേരളവികസനത്തില്‍ ലേബര്‍ സഹകരണസംഘങ്ങളുടെ പങ്ക്’ എന്ന വിഷയം മുന്‍ധനമന്ത്രി ഡോ. റ്റി. എം. തോമസ് ഐസക്ക് അവതരിപ്പിച്ചു. നവകേരളനിര്‍മ്മിതിയില്‍ ലേബര്‍ കോപ്പറേറ്റീവുകളുടെ പങ്കും സാധ്യതകളും വളരെ വലുതാണ്. ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പ്രോട്ടോക്കോള്‍, സാങ്കേതികനവീകരണം, തൊഴിലാളികള്‍ക്കു നൈപുണ്യ-വൈദഗ്ധ്യ പരിശീലനം, മികച്ച മാനേജ്മെന്റ്, സോഷ്യല്‍ ഓഡിറ്റ് എന്നിവ തൊഴിലാളി സഹകരണ സംഘങ്ങള്‍ ശീലമാക്കണം. കേരളത്തിന്റെ ചാലകശക്തിയായി ഇത്തരം സഹകരണ പ്രസ്ഥാനങ്ങള്‍ മാറണമെന്നും ഡോ. ഐസക്ക് പറഞ്ഞു.

സഹകരണസെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷയായി. വെല്‍ഫെയര്‍ അസോസിയേഷന്റെ വെബ്‌സൈറ്റ് സഹകരണസംഘം രെജിസ്ട്രാര്‍ അലക്‌സ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

ലേബര്‍ ഫെഡ് ചെയര്‍മാന്‍ ജോസ് പാറപ്പുറം, ഊരാളുങ്കല്‍ ലേബര്‍ സഹകരണസംഘം ചെയര്‍മാന്‍ രമേശന്‍ പാലേരി, നാഷണല്‍ ലേബര്‍ ഫെഡറേഷന്‍ ഡയറക്റ്റര്‍ റ്റി. കെ. കിഷോര്‍ കുമാര്‍, അസോസിയേഷന്‍ പ്രസിഡന്റ് എ. സി. മാത്യു, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. എ. സ്‌കറിയ എന്നിവര്‍ സംസാരിച്ചു.

സെപ്റ്റംബര്‍ 15-നും 16-നും മുടവന്‍മുകളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ശില്പശാലകള്‍ നടക്കും. ‘പൊതുമരാമത്തുപ്രവൃത്തികളില്‍ ലേബര്‍ സംഘങ്ങളുടെ പങ്ക്’ എന്ന ശില്പശാല ഐസിഎം ഡയറക്റ്റര്‍ ആര്‍. കെ. മേനോന്റെ അദ്ധ്യക്ഷതയില്‍ പൊതുമരാമത്തുവകുപ്പു സെക്രട്ടറി അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ മേഖലാ ഡയറക്റ്റര്‍ ടെഹെദുര്‍ റഹമാന്‍ വിഷയം അവതരിപ്പിക്കും.

മൂന്നാം ദിവസം ‘തദ്ദേശസ്വയംഭരണ നിര്‍മ്മാണപ്രവൃത്തികളില്‍ ലേബര്‍ സംഘങ്ങളുടെ പങ്ക്’ എന്ന വിഷയം തദ്ദേശസ്വയംഭരണവകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ. ജോണ്‍സണ്‍ അവതരിപ്പിക്കും. വൈകിട്ടു നടക്കുന്ന സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും മുന്‍മന്ത്രികൂടിയായ റ്റി. പി. രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിക്കും.

 

Top