തെരേസ മേയുടെ രാജിക്ക് പിന്നാലെ പിന്‍ഗാമിയെ കണ്ടെത്താന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു

ബ്രിട്ടണ്‍ : തെരേസ മേയുടെ രാജിക്ക് പിന്നാലെ പിന്‍ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നടപടി ക്രമങ്ങള്‍ ആരംഭിച്ചു. കൺസർവേറ്റിവ് പാർട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ 15 പേരാണ് ഉള്ളത്.

ജൂലൈ അവസാനത്തോടെ പുതിയ നേതാവിനെ കണ്ടെത്താനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ബ്രെക്സിറ്റ് അനുകൂലിയും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ബോറിസ് ജോണ്‍സനാണ് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നയാള്‍.

ബോറിസ് ജോണ്‍സണ്‍ കൂടാതെ നിലവിലെ വിദേശകാര്യ സെക്രട്ടറി റോറി സ്റ്റെവാര്‍ട്ട്, മുതിര്‍ന്ന പാര്‍ലമെന്‍റംഗം മൈക്കല്‍ ഗോവ്, ജെര്‍മി ഹണ്ട്, ഡൊമിനിക് റാബ്, ആന്‍ഡ്രിയ ലീഡ്സം, ഡേവിഡ് ഡേവിസ് , സര്‍ ഗ്രഹാം എന്നിവരാണ് അടുത്ത പ്രധാനമന്ത്രി പദത്തിനുള്ള സാധ്യതാ പട്ടികയിലുള്ളവര്‍.

ബ്രക്സിറ്റ് കരാർ പാർലമെന്റിൽ മൂന്ന് തവണ വോട്ടിനിട്ട് പരാജയപ്പെട്ടതോടെ തെരേസ മേയുടെ രാജി ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. “യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ജനഹിതം നടപ്പിലാക്കാന്‍ പരമാവധി ശ്രമിച്ചു. മൂന്ന് തവണയും പരാജയപ്പെട്ടു. പുതിയൊരു പ്രധാനമന്ത്രി ദൌത്യം ഏറ്റെടുക്കുകയാണ് രാജ്യത്തിന് നല്ലതെന്ന് മനസ്സിലാക്കുന്നു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവെന്ന പദവി ജൂണ്‍ ഏഴിന് രാജിവെക്കും” അവര്‍ പറഞ്ഞു. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരുമെന്നും മേ അറിയിച്ചു.

Top