പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും;യെമന്‍ ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്കയും ബ്രിട്ടനും പുറമെ പത്ത് രാജ്യങ്ങള്‍

ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യെമന്‍ ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്കയും ബ്രിട്ടനും പുറമെ പത്ത് രാജ്യങ്ങള്‍. കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നു പാശ്ചാത്യ രാജ്യങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരെയുള്ള പ്രതിഷേധമായാണ് ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ അക്രമിക്കുന്നതെന്നും ഹമാസിനോടുള്ള പിന്തുണയും യെമന്‍ വിമതസംഘമായ ഹൂതികള്‍ അറിയിച്ചിരുന്നു. നവംബര്‍ 19 മുതലാണ് ചെങ്കടലില്‍ ഹൂതികള്‍ കപ്പല്‍ ആക്രമണം തുടങ്ങിയത്. ഇതുവരെ 20ലധികം തവണയായി ഏകദേശം 12 കപ്പലുകള്‍ അക്രമിക്കപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ ഷിയാ മുസ്ലീം ന്യൂനപക്ഷമായ സെയ്ദികളുടെ ഒരു ഉപവിഭാഗത്തില്‍ നിന്നാണ് ഹൂതി സംഘം വരുന്നത്. പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഹുസൈന്‍ അല്‍ ഹൂതിയില്‍ നിന്നാണ് ‘ഹൂതി’ എന്ന പേര് സ്വീകരിച്ചതെന്നും പറയപ്പെടുന്നു. യെമന്‍ സര്‍ക്കാരിനെതിരെ 2014 മുതല്‍ ആഭ്യന്തരയുദ്ധം നടത്തുകയും തലസ്ഥാനമായ സനയെയും രാജ്യത്തിന്റെ വടക്ക് ഭാഗത്തെയും ചെങ്കടല്‍ തീരത്തെയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട് ഈ സംഘം. സൗദി അറേബ്യയുടെയും യുഎഇയുടെയും നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഹൂതികള്‍ക്കെതിരെയുള്ള സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയത്.

പലപ്പോഴായി ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളാണ് തട്ടിയെടുത്തതെന്ന വ്യാജ വാദങ്ങള്‍ ഹൂതികള്‍ നടത്തിയിരുന്നു. ഓസ്ട്രേലിയ, ബഹ്റൈന്‍, ബെല്‍ജിയം, കാനഡ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്സ്, ന്യൂസിലന്‍ഡ്, യുകെ, യുഎസ് എന്നീ 12 രാജ്യങ്ങള്‍ ചേര്‍ന്ന് സംയുക്തമായാണ് ഹൂതികള്‍ക്ക് ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയത്. ചെങ്കടലില്‍ ഹൂതികള്‍ അഴിച്ചുവിടുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധവും സ്വീകരിക്കാന്‍ കഴിയാത്തവയുമാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. കൂടാതെ, മനപ്പൂര്‍വം ചരക്ക് കപ്പലുകളെയും നാവിക കപ്പലുകളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ക്ക് നിയമപരമായി യാതൊരു ന്യായീകരണവും നല്‍കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Top