തൃശൂര്‍ പൂര വെടിക്കെട്ടിന് ഉപാധികളോടെ അനുമതി നല്‍കി

തൃശൂര്‍: തൃശൂര്‍ പൂരത്തിന് പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ടിന് അനുമതിയായി. ഉപാധികളോടെയാണ് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം വെടിക്കെട്ടിന് അനുമതി നല്‍കിയത്.

ഗുണ്ട് 6.8 ഇഞ്ച വ്യാസത്തില്‍ മാത്രമേ നിര്‍മിക്കാന്‍ പാടുള്ളു എന്നതാണ് പ്രധാന ഉപാധി. തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്രസര്‍ക്കാര്‍ തടസം സൃഷ്ടിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും വ്യക്തമാക്കിയിരുന്നു.

നേരത്തെ, വെടിക്കെട്ടിന് അനുമതിലഭിക്കാത്തിനെതിരെ പാറമേക്കാവ് വിഭാഗം രംഗത്തെത്തിയിരുന്നു. വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ പൂരം ചടങ്ങായി മാത്രം ഒതുക്കുമെന്നായിരുന്നു പാറമേക്കാവിന്റെ നിലപാട്.

എന്നാല്‍ തൃശൂര്‍ പൂരം ആഘോഷപൂര്‍വം നടക്കുമെന്നും വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും മന്ത്രി വി.എസ്. സുനില്‍ പറഞ്ഞിരുന്നു. പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ബുധനാഴ്ചയും പ്രധാനവെടിക്കെട്ട് ശനിയാഴ്ച പുലര്‍ച്ചെയുമാണ്.

കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ കൃത്യമായ നിരീക്ഷണത്തിലായിരിക്കും വെടിക്കെട്ട് നടത്തുക. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി. സുനില്‍കുമാറിന്റെ ഫണ്ടില്‍നിന്ന് ഒരു കോടിയിലേറെ രൂപ മുടക്കി ഫയര്‍ ഹൈഡ്രന്റ് അടക്കമുള്ള അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങള്‍ വെടിക്കെട്ടിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് നാളെത്തന്നെ കേന്ദ്ര എക്‌സ്‌പ്ലോസീവ് സംഘം തൃശൂരിലെത്തുന്നുണ്ട്. സാംപിള്‍ വെടിക്കെട്ട്, പ്രധാനപ്പെട്ട വെടിക്കെട്ട്, പകല്‍പ്പൂരത്തിലെ വെടിക്കെട്ട് തുടങ്ങി പൂരത്തിലെ മുഴുവന്‍ വെടിക്കെട്ടുകളും കേന്ദ്രസംഘത്തിന്റെ നിരീക്ഷണത്തിലാണ് നടക്കുക. വലിയതോതിലുള്ള പരീക്ഷണങ്ങളും കേന്ദ്രസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണു വിവരങ്ങള്‍.

Top