തുടർച്ചയായ ടെയിൽ സ്ട്രൈക്കുകൾ; ഡിജിസിഎ ഇൻഡിഗോ എയർലൈൻസിന് 30 ലക്ഷം പിഴയിട്ടു

ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസിന് 30 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). കഴിഞ്ഞ ആറുമാസത്തിനിടെ നാലുതവണ വാലറ്റം നിലത്തുരഞ്ഞതു ‍ചൂണ്ടിക്കാട്ടിയാണ് പിഴയിട്ടത്. ടെയിൽ സ്ട്രൈക്കുകൾ തുടർച്ചായതിനെ തുടർന്ന് പരിശോധനകൾക്ക് ശേഷമാണ് പിഴയീടാക്കാനുള്ള നീക്കം.

ഇതിനായി പ്രത്യേക ഓഡിറ്റ് പരിശോധനയിൽ ഡിജിസിഎ, ഇൻഡിഗോ ഏയർലൈൻസിന്റെ രേഖകളും, പരിശീലനങ്ങളും, ഫ്ലൈറ്റ് ഡേറ്റാ മോണിറ്ററിങ് പരിപാടികളും വിലയിരുത്തിയിരുന്നു. ഇതിൽ ചില പാളിച്ചകൾ കണ്ടെത്തിയതിനാൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി തൃപ്തികരമല്ലാത്തിനാലാണ് പിഴ ചുമത്തിയത്. വിമാനങ്ങളുടെ ലാൻഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ വാൽ ഭാഗം നിലത്ത് മുട്ടുന്നതിനെയാണ് ‘ടെയിൽ സ്ട്രൈക്ക്’ എന്ന് പറയുന്നത്.

ടെയിൽ സ്ട്രൈക്കിൽ അപകടം സംഭവിക്കില്ലെങ്കിലും ഇത് കാരണം വിമാനത്തിന് കേടുപാടുകൾ ഉണ്ടാകാം. പിന്നീടുള്ള പറക്കലിൽ അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിനാൽ ടെയിൽ സ്ട്രൈക്ക് സംഭവിച്ചാൽ കൃത്യമായി പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തിയതിന് ശേഷം മാത്രമേ വിമാനങ്ങൾ സർവീസ് നടത്താൻ പാടുള്ളു. ഇത് തുടർച്ചയായി സംഭവിച്ചതിനാണ് പിഴയിട്ടത്.

ജൂൺ 15ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഇൻഡിഗോ വിമാനത്തിന് ടൈയിൽ സ്ട്രൈക്ക് സംഭവിച്ചിരുന്നു. ഈ സംഭവത്തിൽ ഇൻഡിഗോ ക്യാപ്റ്റന്റെയും സഹപൈലറ്റിന്റെയും ലൈസൻസ് ഡിജിസിഎ റദ്ദാക്കി. ക്യാപ്റ്റന്റെ ലൈസൻസ് മൂന്ന് മാസത്തേക്കും പൈലറ്റിന്റേത് ഒരു മാസത്തേക്കുമാണ് റദ്ദാക്കിയത്. കോക്ക്പിറ്റിലേക്ക് ആളുകൾ അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ പൈലറ്റുമാർക്കും കാബിൻ ക്രൂവിനും ബോധവത്ക്കരണം നൽകാനും നിയമങ്ങൾ കർശനമായി പാലിക്കാനും എയർലൈനുകളോട് ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

Top