മോളിവൂഡ് കീഴാടക്കി കോളിവുഡിലേക്ക്; ചിദംബരം ഇനി ധനുഷിനൊപ്പം

കോളിവുഡിനെ തന്നെ അത്ഭുതപ്പെടുത്തുകയാണ് ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴകത്ത് നേടുന്ന വിജയം. കമല്‍ ഹാസനും വിക്രമും ഉള്‍പ്പടെ നിരവധി താരങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിനിമ നേടുന്ന വിജയത്തിന് പിന്നാലെ ചിദംബരത്തിന്റെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന ചോദ്യങ്ങളും അതിനുത്തരമായി പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നുണ്ട്. ഇപ്പോഴിതാ സംവിധായകന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടും ശ്രദ്ധ നേടുകയാണ്.

മഞ്ഞുമ്മല്‍ ബോയ്‌സ് മഞ്ഞുമ്മല്‍ ബോയ്‌സ് നൂറുകോടിയും കടന്നു ജൈത്ര യാത്ര തുടരുകയാണ്. തമിഴ്നാട്ടിലുള്‍പ്പടെ ലഭിച്ച ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷന്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ നേടി കൊടുത്തത്. കമല്‍ ഹാസനും മറ്റ് തമിഴ് നടന്മാരുമായി മഞ്ഞുമ്മല്‍ ബോയ്‌സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ധനുഷും ചിദംബരവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയത്തില്‍ ധനുഷ്, സംവിധായകനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.തമിഴകത്തിന്റെ പ്രിയതാരം ധനുഷിനൊപ്പമായിരിക്കും ചിദംബരത്തിന്റെ അടുത്ത ചിത്രമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ധനുഷിന്റെ അമ്പതിനാലാമത് ചിത്രമായിരിക്കുമിത്. ഗോപുരം ഫിലിംസിന്റെ ബാനറില്‍ ജിഎന്‍ അന്‍പു ചെഴിയനായിരിക്കും ചിത്രം നിര്‍മിക്കുക എന്നും സൂചനകളുണ്ട്.

Top