മഹാരാഷ്ട്രയില്‍ മഹാസഖ്യം തകര്‍ച്ചയിലേക്ക്? ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ രാജിവച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ദവ് സര്‍ക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ ശിവസേനയില്‍ പൊട്ടിത്തെറി രൂക്ഷം. ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ സഹമന്ത്രി രാജിവച്ചു. ക്യാബിനെറ്റ് മന്ത്രിസ്ഥാനം ലഭിക്കാത്തതിനാലാണ് അദ്ദേഹം രാജി വെച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഫഡ്‌നാവീസ് നല്‍കിയ മുന്നറിയിപ്പ് സത്യമാകുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഈ മഹാ സഖ്യം തമ്മിലടിയില്‍ കലാശിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് മന്ത്രിസഭ വികസിപ്പിച്ചത്. മഹാ സഖ്യത്തിലെ മൂന്ന് പാര്‍ട്ടികളിലേയും 36 പേരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു മന്ത്രിസഭാ വികസനം നടത്തിയത്. ഇതിനു പിന്നാലെ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു.

മാത്രമല്ല കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. സുപ്രധാന വകുപ്പുകളെച്ചൊല്ലി കോണ്‍ഗ്രസിനകത്ത് തര്‍ക്കങ്ങള്‍ ഉണ്ടെന്നാണ് ലേഖനത്തില്‍ പറയുന്നത്. വന്യു വകുപ്പ് ബാലാസാഹേബ് തൊറാട്ടിന് നല്‍കിയതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. അശോക് ചവാന്‍ വിഭാഗം പ്രതിഷേധം അറിയിച്ചിരുന്നു. അനുഭവസമ്പത്ത് ഉള്ളവരെ തഴഞ്ഞെന്ന് അശോക് ചവാന് വിഭാഗം ആരോപിച്ചെന്നും മുഖപത്രത്തില് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഇതിനിടെയാണ് മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ചൂണ്ടിക്കാട്ടി ശിവസേനയിലെ തന്നെ എംഎല്‍എമാര്‍ രംഗത്തെത്തിയത്. ഉദ്ധവ് താക്കറേ തന്നെ വഞ്ചിച്ചതായി ശിവസേന നേതാവ് ഭാസ്‌കര്‍ യാദവ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്യാബിനെറ്റ് പദവി കിട്ടാത്തതില്‍ പ്രതിഷേധിച്ച് അബ്ദുള്‍ സത്താറും രാജിവച്ചിരിക്കുന്നത്.

മാത്രമല്ല എന്‍സിപിക്കകത്തും പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Top