വരുമ്പോള്‍ വരട്ടെ, മാണിയെ പിന്നാലെ നടന്ന് വിളിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്‌

കോട്ടയം: യു.ഡി.എഫില്‍ തിരിച്ചെത്തുന്നതില്‍ കേരള കോണ്‍ഗ്രസ് തീരുമാനത്തിന് ശേഷം തുടര്‍ചര്‍ച്ചകള്‍ മതിയെന്ന് കോണ്‍ഗ്രസില്‍ ധാരണ.

കെ.എം.മാണിയെ തിടുക്കപ്പെട്ട് തിരിച്ചുകൊണ്ടുവരുന്നതില്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.

കേരള കോണ്‍ഗ്രസുമായി ഇനി ബന്ധവുമില്ലെന്ന് പ്രമേയം പാസാക്കിയവര്‍ തന്നെയാണ് ഇപ്പോള്‍ പിന്നാലെ നടന്ന് വിളിക്കുന്നതെന്ന് ഇക്കൂട്ടര്‍ ആരോപിക്കുന്നു.

എന്നാല്‍ മുന്നണിയെ ശക്തിപ്പെടുത്തുന്നതില്‍ വ്യക്തിപരമായ എതിര്‍പ്പുകള്‍ക്ക് പ്രസക്തിയില്ലെന്നായിരുന്നു കെ.മുരളീധരന്റ പ്രതികരണം.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ തിരിച്ചെത്തിക്കണമെന്നും ഇക്കാര്യത്തില്‍ വ്യക്തിപരമായ എതിര്‍പ്പുകള്‍ക്ക് പ്രസക്തിയില്ലെന്നും കെ.മുരളീധരന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി.

കോട്ടയത്ത് നടന്ന പൊതുചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും കെ.എം മാണിയും തമ്മില്‍ നടന്ന സൗഹൃദ സംഭാഷണമാണ് കേരളകോണ്‍ഗ്രസിന്റ തിരിച്ചുവരവ് ചര്‍ച്ച വീണ്ടും സജീവമാക്കിയത്.

എന്നാല്‍ തിരിച്ചുവരുന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് തീരുമാനം അറിയിച്ചശേഷം ഇനി തുടര്‍ചര്‍ച്ച മതിയെന്നാണ് കോണ്‍ഗ്രസിലെ ധാരണ.

മാത്രമല്ല, ഡിസംബറില്‍ നടക്കുന്ന സംസ്ഥാനസമ്മേളനത്തില്‍ നിലപാട് പ്രഖ്യാപിക്കുമെന്ന് കെ.എം മാണി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി പിന്നാലെ നടന്ന് വിളിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

അതേസമയം, കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണി ബന്ധം ഇപ്പോഴും തുടരുന്നുണ്ട്.

Top