ഇന്ത്യയുടെ തലയില്ലാത്ത ഭൂപടം; ട്രോള്‍ ഏറ്റുവാങ്ങിയ തരൂര്‍ പോസ്റ്റ് പിന്‍വലിച്ച് തലയൂരി

ന്ത്യയുടെ വികൃതമാക്കിയ ഭൂപടം ഉപയോഗിച്ച് ട്വിറ്ററില്‍ പോസ്റ്റ് പങ്കുവെച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ട്രോളുകളുടെ ചാകര. വടക്കേ അറ്റത്തുള്ള അതിര്‍ത്തി ഭാഗങ്ങള്‍ ഇല്ലാതെയുള്ള രാജ്യത്തിന്റെ ഭൂപടം പങ്കുവെച്ചതോടെയാണ് ട്വിറ്ററില്‍ തരൂരിന് അടിതെറ്റിയത്. ഒടുവില്‍ പോസ്റ്റ് തന്നെ പിന്‍വലിച്ചാണ് കോണ്‍ഗ്രസ് എംപി പ്രശ്‌നം പരിഹരിച്ചത്.

കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ റാലിയില്‍ താന്‍ പങ്കെടുക്കുന്നതായി അറിയിക്കാനാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ‘കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് പ്രതിഷേധ റാലിയാണ് നാളത്തെ ആദ്യത്തെ പരിപാടി. എല്ലാവര്‍ക്കും സ്വാഗതം’, വികൃതമാക്കിയ ഇന്ത്യയുടെ ഭൂപടത്തോടൊപ്പം തരൂര്‍ കുറിച്ചു.

ഇതോടെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ട്വിറ്റര്‍ ഉപയോക്താക്കള്‍ സജീവമായി. ‘ഇതാദ്യമല്ല, അവസാനവുമല്ല. പാക് അധീന കശ്മീര്‍ പാകിസ്ഥാന് കൊടുത്തത് കോണ്‍ഗ്രസാണ്. അവര്‍ അതൊരു നേട്ടമായി കാണുന്നു’, ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഒരാള്‍ കുറിച്ചു. തിരിച്ചടി ഏറ്റുവാങ്ങിയതോടെ തരൂര്‍ ട്വീറ്റ് പിന്‍വലിച്ചു.

ബിജെപി ട്രോളുകള്‍ക്ക് ഭക്ഷമാകാന്‍ കഴിയില്ലെന്ന് കൂട്ടിച്ചേര്‍ത്താണ് ശശി തരൂര്‍ തിരുത്ത് നല്‍കിയത്. ഭൂപടത്തില്‍ ഇന്ത്യയിലെ ആളുകളെ കാണിക്കാനാണ് ഉദ്ദേശിച്ചതെന്നും അതിര്‍ത്തി കാണിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Top