കോൺഗ്രസിന്റെ ‘സമരാഗ്നി’ ഇന്ന് തുടങ്ങും

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കുറ്റവിചാരണ ചെയ്യുന്ന കെ.പി.സി.സി.യുടെ ‘സമരാഗ്നി’ ജനകീയപ്രക്ഷോഭയാത്ര വെള്ളിയാഴ്ച കാസർകോട്ടുനിന്ന് തുടങ്ങും. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന യാത്രയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങൾ സംഘടിപ്പിക്കും.

കോഴിക്കോട് കടപ്പുറത്തും കൊച്ചി മറൈന്‍ ഡ്രൈവിലും തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സമ്മേളനങ്ങളുണ്ട്. 15 ലക്ഷം പ്രവര്‍ത്തകരാണ് സമരാഗ്നിയുടെ ഭാഗമാകുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.വെള്ളിയാഴ്ച വൈകുന്നേരം നാലിന് കാസർകോട് മുനിസിപ്പല്‍ മൈതാനത്ത് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉദ്ഘാടനംചെയ്യും.

കര്‍ഷകര്‍, തൊഴിലാളികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, ജനകീയസമരങ്ങളില്‍ പങ്കെടുത്തവര്‍, കലാസാഹിത്യരംഗത്തെ പ്രമുഖര്‍, പോലീസിന്റെയും മാഫിയകളുടെയും അക്രമത്തിനിരയായവര്‍, ദുരിതമനുഭവിക്കുന്ന പ്രവാസികള്‍, ലൈഫ് ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതിയില്‍നിന്ന്‌ തഴയപ്പെട്ടവര്‍, സാമൂഹികക്ഷേമ പെന്‍ഷന്‍ കിട്ടാത്തവര്‍ തുടങ്ങിയ എല്ലാ ജനവിഭാഗങ്ങളുമായി സംവദിക്കാനും പരാതികള്‍ കേള്‍ക്കാനുമാണ് തീരുമാനം.

പ്രധാന ജില്ലകളിൽ ഒന്നിലധികം പൊതുസമ്മേളനങ്ങളുണ്ടാകും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മൂന്നുവീതവും കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസർകോട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

 

Top