കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കും

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കും. അരലക്ഷം പേര്‍ പങ്കെടുക്കുന്ന റാലി ചരിത്ര സംഭവമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. നവകേരള സദസിന്റെ വേദിയില്‍ നിന്ന് 50 മീറ്റര്‍ മാറി താല്‍ക്കാലിക വേദി കെട്ടിയാണ് കോണ്‍ഗ്രസ് പരിപാടി നടത്തുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സമാധാനപരമായി പരിപാടിയില്‍ പങ്കെടുക്കാന്‍ അണികള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കി.

നവകേരള സദസ് നടക്കുന്നതിനാല്‍ കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ അനുമതി തന്നാലും ഇല്ലെങ്കിലും റാലി നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നായിരുന്നു സുധാകരന്റെ പ്രതികരണം.സംഘാടകര്‍ കോണ്‍ഗ്രസാണെങ്കിലും ലീഗ് ഉള്‍പ്പടെയുള്ള യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്കും ക്ഷണമുണ്ട്. പലസ്തീന് പിന്തുണ നല്‍കുന്നവര്‍ക്കെല്ലാം കോഴിക്കോട് കടപ്പുറത്തേക്ക് വരാമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം.

പലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം സിപിഐഎം ഉയര്‍ത്തിയ രാഷ്ട്രീയ പ്രതിരോധനത്തിന് കൃത്യമായി മറുപടി നല്‍കാനും കോണ്‍ഗ്രസ് വേദി ഉപയോഗപ്പെടുത്തിയേക്കാം.കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയില്‍ ശശി തരൂരും പങ്കെടുക്കും. റാലിയില്‍ നിന്ന് വിട്ടുനിന്നാല്‍ വിവാദമാകുമെന്ന് ഉറപ്പായതോടെയാണ് കുടുംബ വീട്ടില്‍ വിവാഹ ചടങ്ങുണ്ടായിട്ടും തരൂര്‍ കോഴിക്കോട് എത്താമെന്ന് നേതൃത്വത്തിന് ഉറപ്പ് നല്‍കിയത്.

 

Top