മൂന്നാർ പഞ്ചായത്തിൽ സിപിഎമ്മിനെതിരായ കോൺ​ഗ്രസ് അവിശ്വാസ നീക്കം പരാജയപ്പെട്ടു

മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ നടത്തിയ നീക്കങ്ങള്‍ പരാജയത്തില്‍ അവസാനിച്ചു. കൂറുമാറി കോണ്‍ഗ്രസിനൊപ്പം എത്തിയ സിപിഎം അംഗം വി ബാലചന്ദ്രന്റെ പേരില്‍ സെക്രട്ടറിക്ക് രാജിക്കത്ത് ലഭിച്ചതോടെ അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അംഗത്തിന് ആയില്ല. ഇതോടെയാണ് കോറം തികയാതെ അംഗങ്ങൾക്ക് പിരിഞ്ഞുപോവേണ്ടി വന്നത്.

രാവിലെ വന്‍ പൊലീസ് അകമ്പടിയോടെയാണ് കൂറുമാറിയ സിപിഎം അംഗം വി ബാലചന്ദ്രനടക്കം 11 പേരടയങ്ങുന്ന കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ പ്രസിഡന്റ് പ്രവീണ രവികുമാറിനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. അംഗങ്ങള്‍ ഹാളില്‍ പ്രവേശിച്ചതോടെ റിട്ടേണിങ്ങ് ഓഫീസര്‍ ടോമി ജോസ് എത്തുകയും ചെയ്തു. അവിശ്വാസ പ്രമേയ ചര്‍കള്‍ നടക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ പഞ്ചായത്ത് അംഗത്വം രാജിവെച്ചതായി ബാലചന്ദ്രന്‍ തപാല്‍ മുഖേന നല്‍കിയ കത്ത് സെക്രട്ടറിക്ക് ലഭിക്കുകയായിരുന്നു. ഇതോടെ അവിശ്വാസ പ്രമേയ ചര്‍ച്ചകളില്‍ നിന്നും റിട്ടേണിങ്ങ് ഓഫീസര്‍ ബാലചന്ദ്രനെ ഒഴിവാക്കി. ഭൂരിപക്ഷം ഇല്ലാതെ വന്നതോടെ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തു.

എന്നാൽ താൻ അങ്ങനെയൊരു രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് വി ബാലചന്ദ്രന്‍ പറയുന്നു. എല്‍ഡിഎഫിന്റെ തെറ്റായ ഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതും അവിശ്വാസ പ്രമേയ ചര്‍ച്ചകളില്‍ പങ്കെടുത്തും. താന്‍ പഞ്ചായത്ത് അംഗത്വം രാജിവെച്ചതായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടില്ല. ലഭിച്ചിരിക്കുന്ന വ്യാജ കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സത്യാവസ്ഥ ജനങ്ങളില്‍ എത്തിക്കുമെന്നും വി ബാലചന്ദ്രന്‍ പ്രതികരിച്ചു.

Top