ആഗ്രഹമുണ്ടെങ്കിലും, കോണ്‍ഗ്രസ് ജയിക്കില്ല; അതിനുള്ള ശേഷിയില്ലെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കണം എന്നാണ് ആഗ്രഹമെന്നും എന്നാല്‍ അതിനുള്ള സാധ്യത കാണുന്നില്ലെന്നും മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. മുന്നൂറ് സീറ്റുകളില്‍ ജയിക്കാനുള്ള ശേഷി പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാര്‍ട്ടി കണ്‍വഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വര്‍ഷങ്ങളോളം കശ്മീരിന്റെ പ്രത്യേകാധികാരമായ വകുപ്പ് 370നെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചിട്ടുണ്ട്. ആരും അങ്ങനെ ചെയ്തിട്ടില്ല. വിഷയത്തില്‍ ജനങ്ങളെ തൃപ്തിപ്പെടുത്താനായി ഞാനൊന്നും പറയാറില്ല. ഇപ്പോള്‍ കേസ് സുപ്രിം കോടതിയിലാണ് ഉള്ളത്. എന്ന് വിധി വരുമെന്ന് ഒരു നിശ്ചയവുമില്ല. സുപ്രിം കോടതിക്കും സര്‍ക്കാറിനും മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകൂ. വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഇനിയെന്തു ചെയ്യാനാണ്’ – എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രകടനത്തെ കുറിച്ച് ആസാദ് പറഞ്ഞതിങ്ങനെ; ‘2024ലെ തെരഞ്ഞെടുപ്പില്‍ മുന്നൂറു സീറ്റു നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എനിക്കൊരിക്കലും ഉറപ്പു പറയാനാകില്ല. കോണ്‍ഗ്രസ് ഇത്രയും സീറ്റില്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ അതു സംഭവിക്കുമെന്ന് തോന്നുന്നില്ല.’ – ആസാദ് പറഞ്ഞു.

നേതൃത്വത്തെ ചൊല്ലി കുറച്ചുകാലമായി കോണ്‍ഗ്രസ് നേതൃത്വത്തോട് കലഹിക്കുന്ന നേതാവാണ് ഗുലാം നബി ആസാദ്. പാര്‍ട്ടിക്ക് മുഴുസമയ അധ്യക്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച ജി 23 നേതാക്കളില്‍ അംഗമാണ് ഇദ്ദേഹം.

Top