കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് നേതാക്കള്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ തലസ്ഥാനത്ത് സംഘര്‍ഷം.കെ സുധാകരനെ ലക്ഷ്യം വെച്ചാണ് പൊലീസ് നടപടിയെന്ന് ഗുരുതര ആരോപണം മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചു. മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് ടിയര്‍ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചതെന്നും ആസൂത്രണമായാണ് നടപടിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. മുഖ്യമന്ത്രി പൊലീസ് ഗുണ്ടകളെ ഉപയോഗിച്ച് കായികമായി ആക്രമിക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. പ്രകോപനമില്ലാതെയായിരുന്നു പൊലീസ് നടപടിയെന്ന് ശശി തരൂര്‍ പറഞ്ഞു.

പൊലീസിന്റേത് മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചുള്ള ഗുണ്ടാ പ്രവര്‍ത്തനമെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. ഇനി ഗാന്ധിയന്‍ രീതിയില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. പൊലീസ് നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. വേദിയിലേക്ക് ടിയര്‍ ഗ്യാസ് പ്രയോഗിച്ചെന്നും വേദിയില്‍ നിന്നെടുത്തു ചാടുകയായിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. നേതാക്കള്‍ക്കെല്ലാം ശ്വാസ തടസം അനുഭവപ്പെട്ടെന്നും ഏഴോളം എംപിമാരും പത്തോളം എംഎല്‍എമാരും ഉള്ള വേദിയിലേക്കാണ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നടപടി ഗൂഢാലോചനയോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

നവകേരള യാത്രയ്ക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഡിജിപിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത മാര്‍ച്ചിലേക്ക് പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. തുടര്‍ന്ന് മാര്‍ച്ച് അക്രമാസക്തമാവുകയും പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിയുകയും ഉണ്ടായി. മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു.

പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചത്. ഇതിനിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടപടിയെ രൂക്ഷമായാണ് പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചത്.

Top