സേനയുടെ മുഖ്യമന്ത്രി മോഹം പൊലിഞ്ഞു ; എന്‍.സി.പിക്ക് ഇന്ന് രാത്രി 8.30 വരെ സമയം

മുംബൈ : മഹാരാഷ്ട്രയിൽ 18 ദിവസമായി തുടരുന്ന ഭരണ പ്രതിസന്ധിക്കൊടുവില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവസരം എന്‍.സി.പിക്ക് ലഭിച്ചു. നിശ്ചിത സമയത്തിനകം പിന്തുണ തെളിയിക്കാന്‍ ശിവസേനക്ക് കഴിയാതെ പോയതോടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി എന്‍.സി.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്.

എൻസിപിക്ക് ചൊവ്വാഴ്ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എൻസിപി പിൻമാറ്റം അറിയിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവിൽ വന്നേക്കും.

സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനക്ക് പിന്തുണ നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ ‍ എന്‍.സി.പി – കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സംയുക്തയോഗം ചേരും. മല്ലികാർജുൻ ഖാർഗെ ഉൾപ്പടെ മഹാരാഷ്ട്രയിലെത്തുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുമായി എൻസിപി നേതൃത്വം ഇന്ന് ചർച്ച നടത്തും.

ശരദ് പവാറിന്റെ വസതിയിൽ ഇന്നലെ രാത്രി വൈകിയും ചർച്ചകൾ നടന്നു. അതേസമയം, സർക്കാർ രൂപീകരണത്തിനുള്ള സമയം ഗവർണർ നീട്ടിനൽകാതിരുന്ന ശിവസേനയും തിരക്കിട്ട നീക്കങ്ങളിലാണ്. എൻഡിഎ ബന്ധം ഉപേക്ഷിച്ച സേനയ്ക്ക് എൻസിപിയുമായി സഹകരിക്കുകയേ വഴിയുള്ളു. ഇന്നലെ രാത്രി മൂന്നുവട്ടമാണ് ഉദ്ധവ് താക്കറെ ശരദ് പവാറുമായി ഫോണിൽ സംസാരിച്ചത്.

തിങ്കളാഴ്ച ഏഴു മണിവരെയാണ് ശിവസേനയ്ക്ക് ഗവർണർ സമയം അനുവദിച്ചിരുന്നുത്. എന്നാൽ കോണ്‍ഗ്രസ് പിന്തുണ പ്രതീക്ഷിച്ച് രാജ്ഭവനിലെത്തിയ ആദിത്യ താക്കറെയ്ക്ക് സന്നദ്ധത അറിയിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. രണ്ടുദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാൻ ഗവർണർ തയാറായില്ല.

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായ ശിവസേനയ്ക്കു ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ ക്ഷണം ലഭിച്ചത്.

ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതോടെയാണു മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

Top