പുനഃസംഘടനക്ക് വേണ്ടി ഹൈക്കമാന്റ്, കടിപിടി കൂടാൻ തയ്യാറായി ഗ്രൂപ്പുകളും !

സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഇനി പടരാനിരിക്കുന്നത് കലാപ തീ. ലോക്‌സഭ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ ഉടനെ തന്നെ സംഘടനാ പുന:സംഘടനയിലേക്കാണ് കോണ്‍ഗ്രസ്സ് കടക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അനുയോജ്യമായ ടീമിനെ നിയമിക്കുന്നതിന് ഹൈക്കമാന്റ് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.

മുല്ലപ്പള്ളിയുടെ നേതൃത്വം അംഗീകരിക്കാത്ത എ – ഐ ഗ്രൂപ്പുകളെ ചൊടിപ്പിക്കുന്ന നിലപാടാണിത്. ഐ ഗ്രൂപ്പിന് മേല്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്താനുള്ള അവസരമാക്കി പുന:സംഘടനയെ മാറ്റാനാണ് എ ഗ്രൂപ്പിന്റെ നീക്കം. ഉമ്മന്‍ ചാണ്ടി നേരിട്ട് തന്നെയാണ് കളത്തിലിറങ്ങിയിരിക്കുന്നത്.

മുല്ലപ്പള്ളിക്ക് പകരം പി.സി വിഷ്ണുനാഥ് കെ.പി.സി.സി അദ്ധ്യക്ഷനാകണമെന്ന് ആഗ്രഹിക്കുന്ന അദ്ദേഹം അതിനായുള്ള അവസരത്തിനാണ് കാത്തിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലമാകും മുല്ലപ്പള്ളി നില്‍ക്കണമോ അതോ പോകണമോ എന്ന് ഇനി തീരുമാനിക്കുക.

കെ.പി.സി.സി പ്രസിഡന്റ് വയനാട്ടില്‍ കേന്ദ്രീകരിച്ചതോടെ സംസ്ഥാനത്തെ പ്രചരണ മേല്‍നോട്ടത്തിന് തിരിച്ചടിയായെന്ന അഭിപ്രായം ഗ്രൂപ്പ് ഭേദമന്യേ നേതാക്കള്‍ക്കിടയിലുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് രണ്ടാഴ്ചക്കകമാണ് കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടന പൂര്‍ത്തിയാക്കപ്പെടുക.

ഗ്രൂപ്പ്, ജാതി, മത സമവാക്യങ്ങളെല്ലാം നോക്കിയായിരിക്കും പുനസംഘടന. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച് കെ.പി.സി.സി ഭാരവാഹികളും ഡി.സി.സി പ്രസിഡന്റുമാരും തെറിക്കും. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ പാര്‍ട്ടിഭാരവാഹിത്വം ഒഴിയേണ്ടിവരും. കെ.സുധാകരന്റെയും കൊടിക്കുന്നില്‍സുരേഷിന്റെയും ആക്ടിങ് പ്രസിഡന്റ് സ്ഥാനം തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും. ചാലക്കുടിയില്‍ ജയിച്ചാല്‍ ബെന്നി ബെഹ്നാന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയേണ്ടിവരും.

മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ്, പി.ജെ കുര്യന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം സുധീരന്‍, എം.എം ഹസന്‍ എന്നിവര്‍ക്കാര്‍ക്കെങ്കിലും യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് നറുക്കുവീഴാനും സാധ്യതയുണ്ട്.

പുന:സംഘടനയുടെ ആദ്യ റൗണ്ട് ചര്‍ച്ചകള്‍ മുല്ലപ്പള്ളി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായുള്ള ചര്‍ച്ചയും കഴിഞ്ഞു. കെ.സി വേണുഗോപാലിന്റെ അഭിപ്രായവും തേടിയിട്ടുണ്ട്.

രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ കാസര്‍ക്കോട് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നേലിനെ നീക്കാന്‍ സാധ്യതയുണ്ട്. തൃശൂരില്‍ വിജയിച്ചാല്‍ ടി.എന്‍ പ്രതാപനു പകരം പുതിയ ഡി.സി.സി പ്രസിഡന്റെത്തും.

പാലക്കാട്ട് വി.കെ ശ്രീകണ്ഠന്റെ ഡി.സി.സി പ്രസിഡന്റ് സ്ഥാനവും തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും. പത്തനംതിട്ടയില്‍ ആന്റോ ആന്റണി വിജയിച്ചില്ലെങ്കില്‍ ഡി.സി.സി പ്രസിഡന്റ് ബാബുജോര്‍ജ് തെറിക്കും. ഇവിടെ ആന്റോ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നേരത്ത കലാപക്കൊടി ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിച്ച വയനാട് ലോക്സഭാമണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍, മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ട്. വയനാട് ഡി.സി.സി നടത്തിയതുപോലെയുള്ള പ്രവര്‍ത്തനം മലപ്പുറം ഡി.സി.സിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. പോളിങ് ശതമാനത്തിലും ഇതു നിഴലിച്ചിരുന്നു. വയനാട്ടിലാണ് ഉയര്‍ന്നപോളിങുണ്ടായത്.

തിരുവനന്തപുരത്ത് ശശിതരൂരിന്റെ പരാതി മുഖവിലക്കെടുത്ത് തെരഞ്ഞെടുപ്പില്‍ പാലംവലിച്ച കെ.പി.സി.സി ഭാരവാഹികള്‍ക്കും ഡി.സി.സി ഭാരവാഹികള്‍ക്കുമെതിരെ നടപടിയുണ്ടാകും. പലയിടത്തും ഫണ്ടു വിതരണത്തിലും പോരായ്മകളുണ്ട്. ഇതില്‍ വീഴ്ചവരുത്തിയ കെ.പി.സി.സി ഭാരവാഹികളുടെ കാര്യവും പരുങ്ങലിലാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പാലായിലും വിജയിക്കുന്ന നിയമസഭാംഗങ്ങള്‍ രാജിവെക്കുന്നിടത്തും ഉപതെരഞ്ഞെടുപ്പുണ്ടാകും. അതിനു മുമ്പെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് പുനസംഘടന വേഗത്തിലാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കേരളത്തില്‍ പുനസംഘടന പൂര്‍ത്തിയാക്കണമെന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുണ്ടായിരുന്നത്.

എന്നാല്‍ പുനസംഘടനയിലെ മുറിവുണക്കാന്‍ സമയമെടുക്കുമെന്നും ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ ആശങ്ക കണക്കിലെടുത്താണ് പുനസംഘടന തെരഞ്ഞെടുപ്പിനു ശേഷമാക്കിയത്. ഫല പ്രഖ്യാപനം കഴിഞ്ഞ് രണ്ടാഴ്ചക്കകം തന്നെ പുനസംഘടന പൂര്‍ത്തിയാക്കണമെന്ന കര്‍ക്കശ നിര്‍ദ്ദേശമാണ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ പേലും നിലനിര്‍ത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടായാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കസേരയും തെറിക്കും. 20/20 നേടുമെന്ന് അവകാശപ്പെട്ട നേതാക്കള്‍പ്പോലും ഇപ്പോള്‍ സീറ്റുകള്‍ കുറച്ചാണ് അവകാശവാദം പോലും ഉന്നയിക്കുന്നത്. അടിയൊഴുക്കുണ്ടായത് എങ്ങോട്ടാണെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ ഒരുപിടിയുമില്ലെന്നതാണ് യാതാര്‍ത്ഥ്യം.

Top