കാവിയണിയുന്ന നേതാക്കൾ ! എങ്ങനെ ഇനി കോൺഗ്രസ്സിനെ വിശ്വസിക്കും . . . ?

കൈക്കുമ്പിളില്‍ താമര വിരിയുന്നത് പഴങ്കഥ ഇപ്പോള്‍ കൈപ്പത്തി തന്നെ തമാര ഇതളുകളായി മാറുന്നതാണ് പുതിയ സ്‌റ്റൈല്‍. രാജ്യത്ത് ബി.ജെ.പിയുടെ വളര്‍ച്ച പരിശോധിച്ചാല്‍ അതില്‍ കോണ്‍ഗ്രസ്സിന്റെ പങ്ക് ആര്‍ക്കും തള്ളിക്കളയാന്‍ കഴിയുന്നതല്ല. ബാബറി മസ്ജിദിന്റെ മിന്നാരങ്ങള്‍ തകര്‍ന്ന് വീഴുമ്പോള്‍ നരസിംഹറാവു എന്ന പ്രധാനമന്തിയില്‍ നാം കണ്ടത് മറ്റൊരു മുഖമാണ്. അത് ഒരു കോണ്‍ഗ്രസ്സ് നേതാവില്‍ നിന്നും ഒരിക്കലും മതേതര ഇന്ത്യ പ്രതീക്ഷിക്കാത്ത നിലപാടായിരുന്നു. കേവലം 2 എം.പിമാരില്‍ നിന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി ബി.ജെ.പിയെ മാറ്റിയത് കോണ്‍ഗ്രസ്സിന്റെ ഇത്തരം നിലപാടുകള്‍ മൂലമാണ്.

ഏത് സംസ്ഥാനം എടുത്ത് പരിശോധിച്ചാലും അവിടെയെല്ലാം പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളില്‍ പലരും കാവിയണിഞ്ഞ കാഴ്ച കാണാന്‍ സാധിക്കും. കേരളത്തില്‍ പോലും കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജി.രാമന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പി പാളയത്തിലെത്തി. കോണ്‍ഗ്രസ്സിലെ ‘വമ്പന്‍ സ്രാവ് ‘ ഉടന്‍ കാവിക്കൊടി പിടിക്കും എന്ന ബി.ജെ.പി നേതൃത്വത്തിന്റെ അവകാശവാദവും തള്ളിക്കളയാന്‍ കഴിയുന്നതല്ല. മോദിക്ക് രണ്ടാം ഊഴം ലഭിച്ചാല്‍ അതിനും സാധ്യത കൂടുതലാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് കൂട്ടകൂട് മാറ്റം ഉണ്ടാകുമെന്നാണ് ബി.ജെ.പി നേതാക്കള്‍ തന്നെ നല്‍കുന്ന സൂചന.

ലോകസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം പോകവെ കൂട്ടത്തോടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേക്കേറുന്ന കാഴ്ചയാണ് ഉത്തരേന്ത്യയില്‍. സ്ഥാനാര്‍ത്ഥി പട്ടിക എ.ഐ.സി.സി പുറത്തിറക്കുന്നതോടെ കൂട് മാറ്റം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവിന്റെ മകന്‍ തന്നെ ബി.ജെ.പിയില്‍ ചേര്‍ന്നു കഴിഞ്ഞു.ശക്തമായ തിരിച്ചു വരവ് നടത്തുമെന്ന് പ്രതീക്ഷിച്ച എന്‍.സി.പി കോണ്‍ഗ്രസ്സ് സഖ്യത്തിന് അപ്രതീക്ഷിത തിരിച്ചടിയാണിത്. രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ മകന്‍ സുജയ് വിഖേ പാട്ടീലാണ് താമരയില്‍ അഭയം തേടിയിരിക്കുന്നത്.

ഗുജറാത്തില്‍ ആവട്ടെ 5 എംഎല്‍എമാരാണ് കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിൽ എത്തിയിരിക്കുന്നത് . പാട്ടീദാര്‍ സംവരണ സമര നായകന്‍ ഹാര്‍ദിക്ക് പട്ടീല്‍ കോണ്‍ഗ്രസ്സിലെത്തിയതിന്റെ ആവേശം ചോര്‍ത്തി കളയുന്ന നടപടിയായി പോയി ഈ എം.എല്‍.എമാരുടെ കാലുമാറ്റം. ജവഹര്‍ ചവ്ദ ,പുരുഷോത്തം സവരിയ, വലഭ് ധരാവീയ, ആഷാ ബെന്‍ പട്ടേല്‍, കുന്‍വര്‍ജി ബവാലിയ എന്നിവരാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയ ജനപ്രധിനിധികള്‍. അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ്സ് എം.എല്‍.എ മാര്‍ക്കിയോ താ ടോയും ബി.ജെ.പിയില്‍ ചേര്‍ന്നു കഴിഞ്ഞു.

ബംഗാളില്‍ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും പ്രവര്‍ത്തക സമിതി അംഗവുമൊക്കെ ആയിരുന്ന പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യ ദീപദാസ് മുന്‍ഷി തന്നെ ബി.ജെ.പിയിലേക്ക് പോകാന്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ തെലങ്കാനയില്‍ 4 കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ ഭരണപക്ഷമായ ടി.ആര്‍.എസിലും ചേക്കേറിയിട്ടുണ്ട്.

പണത്തിലും പദവിയിലും കണ്ണുവച്ച് നേതാക്കള്‍ തന്നെ കുറു മാറുമ്പോള്‍ എങ്ങനെ വിശ്വസിച്ച് കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യും എന്ന ചോദ്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ കുഴക്കുന്നത്.എം.പി ആയാലും കൂറുമാറില്ലെന്ന് എന്താണ് ഉറപ്പെന്ന് സ്വന്തം അണികള്‍ പോലും ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തോട് ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ഈ ചോദ്യം തന്നെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേരിടുന്ന പ്രധാന വെല്ലുവിളി.

കേന്ദ്രത്തില്‍ മോദിയുടെ രണ്ടാം ഊഴം ലക്ഷ്യമിടുന്ന ബി.ജെ.പി, കോണ്‍ഗ്രസ്സ് നേതാക്കളുടെ ഈ കാലുമാറ്റത്തെ അനുകൂലമാക്കാനുള്ള നീക്കത്തിലാണിപ്പോള്‍. ബി.ജെ.പിയില്‍ വിശ്വാസം ഉള്ളത് കൊണ്ടാണ് കൂട്ടത്തോടെ എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ എത്തുന്നതെന്നാണ് നേതൃത്വത്തിന്റെ
വിശദീകരണം.ജനപ്രതിനിധികള്‍ക്ക് പുറമെ നിരവധി പ്രാദേശിക നേതാക്കളും അനവധി കോണ്‍ഗ്രസ്സ് അനുയായികളും പാര്‍ട്ടിയോട് സഹകരിക്കാന്‍ മുന്നോട്ട് വന്നു കഴിഞ്ഞതായും ബി.ജെ.പി അവകാശപ്പെടുന്നു.

അതേസമയം കൈപ്പത്തി താമര ഇതളുകളായി വിരിയുമെന്ന പ്രചരണം ഇപ്പോള്‍ തന്നെ സി.പി.എം കേരളത്തില്‍ തുടങ്ങി കഴിഞ്ഞു.പകല്‍ കോണ്‍ഗ്രസ്സും രാത്രി ബി.ജെ.പിയുമാണ് പല കോണ്‍ഗ്രസ്സ് നേതാക്കളുമെന്നാണ് സി.പി.എം ആരോപണം. മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇക്കാര്യം ശക്തമായി ഉന്നയിച്ച് വോട്ട് തേടുന്ന തന്ത്രമാണ് സി.പി.എം ഇപ്പോള്‍ പയറ്റുന്നത്. അതിന് കോണ്‍ഗ്രസ്സ് എം.എല്‍.എമാരുടെ ഈ കാവി പ്രണയമാണ് ചെമ്പടയുടെ തുറുപ്പ് ചീട്ട്. കോണ്‍ഗ്രസ്സ് ബി.ജെ.പി ഇതര മൂന്നാം ബദലിന് ഇപ്പോഴും കേന്ദ്രത്തില്‍ സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം പ്രചരണം കൊഴുപ്പിക്കുന്നത്.

Top