ലോക്‌സഭാ തെരഞ്ഞെടുപ്പ്:ക്രമക്കേട് തടയാന്‍ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് പരിശീലനം

ന്യൂ ഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വോട്ടുയന്ത്ര അട്ടിമറി,ക്രമക്കേടുകൾ തടയാൻ നേതാക്കള്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.വോട്ടെടുപ്പ് ദിവസങ്ങളിൽ നാല് ഘട്ടങ്ങളായി വോട്ടുയന്ത്രം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബൂത്ത് ഏജന്റുമാര്‍ക്ക് അവസരം നല്‍കും. ഇതുസംബന്ധിച്ച് സംസ്ഥാന അധ്യക്ഷന്മാര്‍ക്ക് എഐസിസി നിര്‍ദ്ദേശം നല്‍കി.

വിദഗ്ധ പരീശീലനം ലഭിച്ചവരെ ബൂത്തുകളില്‍ വിന്യസിക്കും.അതേസമയം വോട്ട് ലിസ്റ്റ് കൃത്യമായി വിലയിരുത്താനും സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടുയന്ത്ര അട്ടിമറി തടയാന്‍ അടുത്തിടെ വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് സജ്ജമാക്കിയിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ വോട്ട് യന്ത്ര അട്ടിമറി നടന്നതായി അമേരിക്കന്‍ ഹാക്കര്‍ സയ്യിദ് ഷൂജ വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ച് വാര്‍ത്ത പുറത്തുവിടാന്‍ ഉദ്ദേശിച്ചരുന്ന സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചതെന്നും, അട്ടിമറി അറിയാമായിരുന്നതിനാലാണ് കേന്ദ്രമന്ത്രിയായി ദിവസങ്ങള്‍ക്കകം ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതെന്നുമുള്ള ഹാക്കറുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു.

Top