കോണ്‍ഗ്രസ് നേതൃത്വത്തിലെ വിവാദം പൊട്ടിത്തെറിയിലേക്ക്; ചിലര്‍ക്ക് മോദിയെ ഭയമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നരേന്ദ്ര മോദിയെ പേടിയെന്ന് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ ആഞ്ഞടിച്ചതോടെ കോണ്‍ഗ്രസില്‍ രാഹുല്‍ഗാന്ധിയുടെ വിശ്വസ്തര്‍ക്കും പ്രമുഖ നേതാക്കള്‍ക്കും ഇടയിലെ തര്‍ക്കം വീണ്ടും മുറുകുന്നു. ഇതിനിടെ, രാഹുല്‍ ഗാന്ധിയെ വീണ്ടും അദ്ധ്യക്ഷനാക്കാന്‍ വിര്‍ച്വല്‍ എഐസിസി സമ്മേളനം വിളിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രചാരണസമയത്ത് മുതിര്‍ന്ന നേതാക്കള്‍ ഒറ്റപ്പെടുത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ചൈനീസ് വിഷയത്തില്‍ നരേന്ദ്രമോദിയെ വ്യക്തിപരമായി വിമര്‍ശിക്കേണ്ടതില്ലെന്ന് ആര്‍പിഎന്‍ സിംഗ് യോഗത്തില്‍ പറഞ്ഞതിനോടാണ് രാഹുല്‍ രൂക്ഷമായി പ്രതികരിച്ചത്.

തനിക്ക് മോദിയെ ഭയമില്ലെന്ന് രാഹുല്‍ പൊട്ടിത്തെറിച്ചു. പാര്‍ട്ടിയിലെ പലരും മോദിയേയും അമിത് ഷായേയും നേരിട്ടെതിര്‍ക്കാന്‍ മടിക്കുന്നു എന്നും രാഹുല്‍ ആഞ്ഞടിച്ചു. പ്രിയങ്ക ഗാന്ധിയും രാഹുലിനോട് യോജിച്ചു. എന്നാല്‍ പാര്‍ലമെന്റിലുള്‍പ്പടെ സര്‍ക്കാരിനെ എല്ലാ നേതാക്കളും പ്രതിരോധിക്കുന്നുണ്ട് എന്നായിരുന്നു ആനന്ദ് ശര്‍മ്മയുടെ മറുപടി.

ശക്തമായ നിലപാട് സര്‍ക്കാരിനെതിരെ സ്വീകരിക്കണമെന്നും എന്നാല്‍ സമൂഹമാധ്യമങ്ങളിലെ ഭാഷ ശ്രദ്ധിക്കണമെന്നും അഹമ്മദ് പട്ടേല്‍ നിര്‍ദ്ദേശിച്ചു. രാഹുല്‍ ഗാന്ധിയെ വീണ്ടും അദ്ധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടു വരണം എന്ന വാദം ശക്തമാകുമ്പോഴാണ് ഈ വിവാദം.

Top