സീറ്റിനു പകരം പദവി ; റോബിന്‍ പീറ്ററിനെ ഡി.സി.സി വൈസ് പ്രസിഡന്റാക്കി നിയമിച്ചു

തിരുവനന്തപുരം : കോന്നിയിൽ ഇടഞ്ഞു നിന്ന അടൂര്‍ പ്രാകാശ് പക്ഷത്തെ അനുനയിപ്പിക്കാന്‍ കോൺഗ്രസിന്റെ ഒത്തുതീർപ്പു ശ്രമം. അടൂർ പ്രകാശ് നിർദേശിച്ച സ്ഥാനാർഥി റോബിൻ പീറ്ററെ ഡി.സി.സി വൈസ് പ്രസിഡന്റായി കെ.പി.സി.സി നിയമിച്ചു.

അടൂർ പ്രകാശ്, റോബിൻ പീറ്റർ എന്നിവരുമായി നേതാക്കൾ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാർട്ടി ഭാരവാഹിത്വം നൽകിയുള്ള ഒത്തുതീർപ്പ്.

പ്രമാടം പഞ്ചായത്ത് പ്രസിഡന്റായി റോബിനെ കോന്നിയിൽ സ്ഥാനാർഥിയാക്കണമെന്ന് അടൂർ പ്രകാശാണ് കെ.പി.സി.സിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെതിരെ ഡി.സി.സി രംഗത്തെത്തിയതോടെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കം ഉടലെടുത്തിരുന്നു.

ഡി.സി.സി നേതൃത്വത്തിനെതിരെ അടൂർ പ്രകാശും റോബിൻ പീറ്ററും പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഇതേതുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റോബിനുമായി കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെ വിമതനാകാനില്ലെന്ന് റോബിൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മുൻ ഡി.സി.സി അധ്യക്ഷൻ മോഹൻരാജിനെയാണ് കോന്നിയിൽ കെ.പി.സി.സി നേതൃത്വം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

Top