ഉപതെരഞ്ഞെുപ്പിന് പിന്നാലെ കലാപമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു: കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ജാതി-മത സംഘടനകളെ കൂട്ടുപിടിച്ചു കൊണ്ട് കലാപം ഉണ്ടാക്കാനാണ് ചില ശക്തികള്‍ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇടത് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നു. ഇതിന് സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും കോടിയേരി വിമര്‍ശിച്ചു.

ഇടതുപക്ഷ മുന്നണി ഉപതിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടുമെന്ന് മനസ്സിലാക്കിയതിനാലാണ് യുഡിഎഫ് ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന്റെ ഭാഗമായി മൂന്ന് മണ്ഡലങ്ങളില്‍ മതപരമായ വികാരം ഇളക്കിവിട്ട് മതപരമായ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മറ്റ് രണ്ട് മണ്ഡലങ്ങളില്‍ ജാതീയമായ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

എന്‍ എസ് എസിനെ ആരും പ്രകോപിപ്പിക്കുന്നില്ല. കേരളത്തിലെ പ്രബല സമുദായ സംഘടനയാണ് എന്‍.എസ്.എസ്. ആ സംഘടനയ്ക്ക് അവരുടേതായ നിലപാടുകള്‍ സ്വീകരിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യമുണ്ട്. പക്ഷെ എന്‍ എസ് എസ് ഒരു സമുദായ സംഘടന എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് മുന്‍കാലങ്ങളില്‍ ഇടപെട്ടതുപോലെ ചെയ്യുകയായിരുന്നുവേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് ആത്മവിശ്വാസമുണ്ടെന്നും എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് അനുകൂലമായിട്ടുള്ള വലിയമാറ്റം പ്രകടമായി കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

Top