കശ്മീര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കശ്മീര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ ബീഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടേയായിരുന്നു മോദിയുടെ വാഗ്ദാനം.

370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ഏത് തരത്തിലുള്ള പ്രസ്ഥാവനകളാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്നാണ് ഒരു നേതാവ് പറഞ്ഞത്. അത്തരക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയല്ലേ വേണ്ടത്, രാജ്യത്തെ തകര്‍ക്കുന്ന തീരുമാനമെന്നാണ് മറ്റൊരു നേതാവ് പ്രഖ്യാപിച്ചിരുന്നത്. നമ്മുടെ രാജ്യം തകര്‍ന്നോ കശ്മീര്‍ നമുക്ക് നഷ്ടപ്പെട്ടോ ആര്‍ക്കെങ്കിലും കശ്മീരിലേക്ക് പോവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഞാനതിന് വേണ്ട സൌകര്യങ്ങള്‍ ചെയ്തു തരാമെന്നും മോദി പറഞ്ഞു.

ഇന്ത്യക്കിത് കറുത്ത ദിവസമാണെന്നാണ് ഒരു നേതാവ് പറഞ്ഞത്. നടപടി ജനാധിപത്യത്തിന് എതിരാണെന്നും ദേശീയ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നും മറ്റൊരു നേതാവും പറഞ്ഞിരുന്നു. ഇത്തരക്കാര്‍ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കുന്നവരും ഇന്ത്യയുടെ ശത്രുക്കള്‍ക്ക് പുതിയ ആശയങ്ങള്‍ നല്‍കുന്നവരുമാണെന്നും മോദി വ്യക്തമാക്കി.

നിലവില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്ത് കളയുകയും പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Top