പൊതു തെഞ്ഞെടുപ്പ് വിധി എതിരായാൽ രാഷ്ട്രീയ നേതൃത്വങ്ങളും തെറിക്കും . . . !

ലോക്‌സഭ തെഞ്ഞെടുപ്പ് വിധി രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളിലും വലിയ മാറ്റത്തിന് വഴിവച്ചേക്കും. വാഷ് ഔട്ടായി പോകുന്ന തരത്തിലേക്ക് ഏത് പാര്‍ട്ടിയും മുന്നണിയും പോയാലും അത് ആഭ്യന്തര കലഹം സൃഷ്ടിക്കും.

ബി.ജെ.പിക്ക് ഒരു സീറ്റു പോലും നേടാന്‍ ആയില്ലങ്കില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ കസേര തെറിക്കും. ഇനി ബി.ജെ.പി സീറ്റുകള്‍ നേടിയാലും ശ്രീധരന്‍ പിള്ളയെ ഇനിയും സഹിക്കില്ലെന്ന നിലപാടും ആ പാര്‍ട്ടിക്കുള്ളിലുണ്ട്. ഇക്കാര്യത്തില്‍ മുരളീധരപക്ഷവും പി.കെ കൃഷ്ണദാസ് പക്ഷവും ഒരേ നിലപാടുകാരാണ്.സുരേന്ദ്രനും കുമ്മനവും വിജയിച്ചാല്‍ ഗ്രൂപ്പ് സമവാക്യം മാറാനും സാധ്യത കൂടുതലാണ്.

പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ശ്രീധരന്‍പിള്ള നടത്തിയ നീക്കമാണ് സുരേന്ദ്രന്റെ സ്ഥാനാര്‍തിത്വം വൈകാന്‍ കാരണമെന്നാണ് ബിജെപിയിലെ പ്രബല വിഭാഗം വിശ്വസിക്കുന്നത്. ആര്‍.എസ്.എസിനും ഈ നിലപാട് തന്നെയാണ് ഉള്ളത്. ശബരിമല വിഷയം ഏറ്റവും അധികം പ്രതിഫലിക്കേണ്ട മണ്ഡലത്തില്‍ തീരുമാനം നീട്ടികൊണ്ട് പോയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സംഘ പരിവാറിനുള്ളത്.

വൈകി എത്തിയെങ്കിലും സുരേന്ദ്രന്‍ വിജയ സാധ്യത ഉയര്‍ത്തിയതായാണ് ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വങ്ങള്‍ അവകാശപ്പെടുന്നത്. ബി.ഡി.ജെ.എസിന്റെ യഥാര്‍ത്ഥ ശക്തി വയനാട്ടില്‍ കാണാമെന്ന ആശ്വാസവും ബി.ജെ.പി നേതാക്കള്‍ക്കുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി നേതൃതലത്തിലും എന്‍.ഡി.എയിലും മാറ്റങ്ങള്‍ക്കുള്ള സാധ്യത ഉണ്ടെന്നാണ് നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. മുന്നേറ്റമുണ്ടാക്കാനായാല്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും അണികളുടെയും നേതാക്കളുടെയും ഒഴുക്ക് ബി.ജെ.പിയിലേക്ക് ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍.

തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലാണ് ബി.ജെ.പി വിജയ പ്രതീക്ഷ പുലര്‍ത്തുന്നത്. തൃശൂരിലും പാലക്കാട്ടും ഞെട്ടിക്കുന്ന മുന്നേറ്റം ഉണ്ടാക്കുമെന്നും അവര്‍ അവകാശപ്പെടുന്നു.അതേസമയം ഇടതുപക്ഷം ചുരുങ്ങിയത് 10 മുതല്‍ 12 സീറ്റുകള്‍ വരെ നേടുമെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം. അഭിപ്രായ സര്‍വേകളെ രാഷ്ട്രീയ സര്‍വേകളായും തട്ടിപ്പ് സര്‍വേകളായും കാണുന്ന സി.പി.എം നേതൃത്വം ചെമ്പട കരുത്ത് തെളിയിക്കുമെന്ന് തന്നെയാണ് അവകാശപ്പെടുന്നത്.

കഴിഞ്ഞ തവണ നേടിയ കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍,ചാലക്കുടി, ഇടുക്കി, ആറ്റിങ്ങല്‍ സീറ്റുകള്‍ നില നിര്‍ത്താന്‍ കഴിയുമെന്നും കോഴിക്കോട്, വടകര, ആലപ്പുഴ, കൊല്ലം മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നുമാണ് ഇടതു പ്രതീക്ഷ.

പത്തനംതിട്ടയിലും എറണാകുളത്തും ഇടതുപക്ഷം അപ്രതീക്ഷിത മുന്നേറ്റം അവകാശപ്പെടുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ തവണത്തെ സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ അത് ഇടതുപക്ഷത്തും വലിയ പൊട്ടിത്തെറിക്ക് കാരണമാകും.

സി.പി.എം ഒഴികെ കാര്യമായ ജനപിന്തുണയുള്ള ഒറ്റഘടക കക്ഷിയും മുന്നണിയില്‍ ഇല്ല എന്നതാണ് ഇടതുപക്ഷം നേരിടുന്ന പ്രധാന വെല്ലുവിളി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എല്ലാം സി.പി.എം സംഘടനാ മെഷിനറി ഉപയോഗിച്ചാണ് നടത്തുന്നത്. സി.പി.ഐക്ക് പോലും തൃശൂര്‍, കൊല്ലം , ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഭേദപ്പെട്ട സ്വാധീനം ഉള്ളത്. മറ്റെല്ലാ ഘടകകക്ഷികളും കടലാസ് സംഘടനകള്‍ക്ക് തുല്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ഇടതിന് അടിതെറ്റിയാല്‍ അത് മുന്നണി അഴിച്ചു പണിയിലേക്കു തന്നെ കാര്യങ്ങള്‍ എത്തിച്ചേക്കും. സി.പി.എം നേതൃത്വത്തിലും മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ദയനീയ പരാജയമാണെങ്കില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നില തന്നെ പരുങ്ങലിലാകും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും, സര്‍ക്കാരിലും അഴിച്ചുപണിക്ക് സാധ്യതയുണ്ട്.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സി.പി.എം ഇത്തരം സാഹചര്യത്തില്‍ നിര്‍ബന്ധിതമാകും. യു.ഡി.എഫിലാകട്ടെ മുസ്ലിം ലീഗിന്റെ നില ഏകദേശം ഭദ്രമാണ്. ഭൂരിപക്ഷം കുറഞ്ഞാലും രണ്ട് സിറ്റിംങ് സീറ്റുകളും നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലീഗ്. കേരളാ കോണ്‍ഗ്രസ്സാകട്ടെ കോട്ടയം സീറ്റില്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലുമാണ്.

എന്നാല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥിതി മറിച്ചാണ്. അനുകൂല സാഹചര്യത്തിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ‘പണി’ പാളും. അഭിപ്രായ സര്‍വേകളില്‍ സന്തോഷിക്കുമ്പോഴും കാര്യങ്ങള്‍ കോണ്‍ഗ്രസ്സിനും അത്ര പന്തിയല്ല. പ്രതിപക്ഷ വോട്ടുകള്‍ ചിന്നി ചിതറിയാല്‍ ഇടതുപക്ഷം നേട്ടം ഉണ്ടാക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഭൂരിപക്ഷ മണ്ഡലങ്ങളിലെയും ശക്തമായ ത്രികോണ മത്സരം കോണ്‍ഗ്രസ്സിനെയാണ് ഏറെ ഭയപ്പെടുത്തുന്നത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മികച്ച ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും തിരിച്ചടിയാകും. 17സീറ്റുവരെ തൂത്ത് വാരുമെന്ന കണക്കാണ് ഹൈക്കമാന്റിന് കെ.പി.സി.സി നേതൃത്വം നല്‍കിയിരിക്കുന്നത്. എന്നാല്‍ സിറ്റിംങ് സീറ്റുകളായ കോഴിക്കോട്, വടകര, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ കടുത്ത വെല്ലുവിളിയാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ നേരിടുന്നത്.

കൊല്ലത്ത് സിറ്റിംഗ് എം.പി ആര്‍.എസ്.പി സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്റെ കാര്യവും പ്രവചനാതീതമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അദ്ധ്യക്ഷനായ ശേഷം ആദ്യമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് കൂടിയാണിത്. തിരിച്ചടി നേരിട്ടാല്‍ മുല്ലപ്പള്ളിയുടെ കസേരയും തെറിക്കും.

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും രമേശ് ചെന്നത്തലയെ മാറ്റണമെന്ന് ഘടകകക്ഷികള്‍ തന്നെ ആവശ്യപ്പെടുന്ന സാഹചര്യവും ഉണ്ടാകും. നിലവില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ പോലും ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയാണുള്ളത്.

വയനാട്ടില്‍ രാഹുലിന്റെ പ്രചരണ ചുമതലക്ക് മേല്‍ നോട്ടം വഹിക്കുന്നതിനാല്‍ മുല്ലപ്പള്ളിക്ക് എല്ലാ സ്ഥലത്തും ഓടിയെത്താന്‍ പറ്റിയിരുന്നില്ല. പ്രചരണ ചുമതലയുള്ള മുരളീധരനും വര്‍ക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷുമെല്ലാം സ്ഥാനാര്‍ത്ഥികളായതോടെ പ്രവര്‍ത്തനങ്ങളും താളം തെറ്റി. കെ.പി.സി.സിക്ക് സംഘടനാ തലത്തില്‍ വന്ന ഈ വലിയ പിഴവ് യു.ഡി.എഫിന്റെ വിജയ സാധ്യതയെ ബാധിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Express Kerala View

Top